ഓട്ടവ: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദർ സിധു ഇന്ത്യയും ഫിലിപ്പീൻസും സന്ദർശിക്കുമെന്ന് റിപ്പോർട്ട്. കാനഡയിലെ തൊഴിലാളികൾക്കും ബിസിനസുകാർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെത്തുന്ന സിധു ഈ ആഴ്ച വ്യാപാര ചർച്ചകൾക്ക് നേതൃത്വം നൽകും. എയ്റോസ്പേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ശുദ്ധ ഊർജം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ കാനഡയ്ക്ക് പുതിയ വ്യാപാര അവസരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.
ഇന്ത്യൻ വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. കാനഡയെ നിക്ഷേപത്തിനുള്ള പ്രധാന കേന്ദ്രമായി അവതരിപ്പിക്കാനും അദ്ദേഹം ശ്രമിക്കും. അതേസമയം, ആസിയാൻ രാജ്യങ്ങളും ഫിലിപ്പീൻസും ഉൾപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകളും സിധു മുന്നോട്ട് കൊണ്ടുപോകും. തായ്‌ലൻഡ്, ഖത്തർ, മെർകോസർ വ്യാപാര കൂട്ടായ്മ, തുർക്കി എന്നിവരുമായുള്ള വ്യാപാര ചർച്ചകളും പുരോഗമിപ്പിക്കാനാണ് കാനഡയുടെ ശ്രമം.
Also Read: പേരും നമ്പറും മതി; തൊഴിലാളികളുടെ സർട്ടിഫിക്കേഷൻ ഇനി എളുപ്പത്തിൽ പരിശോധിക്കാം
അമേരിക്കയ്ക്ക് പുറത്തേക്കുള്ള കാനഡയുടെ കയറ്റുമതി കഴിഞ്ഞ ഒരു വർഷത്തിനിടെ 17 ശതമാനം അഥവാ 33 ബില്യൺ കനേഡിയൻ ഡോളർ വർധിച്ചതായി സിധു പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 20ലേറെ വ്യാപാര, സുരക്ഷാ കരാറുകളിൽ കാനഡ ഒപ്പുവച്ചതായും മന്ത്രി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









