അബോട്ട്‌സ്‌ഫോർഡ്: ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പേരിലുള്ള ഒരു ഭീഷണി സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്‌സ്‌ഫോർഡ് പോലീസ് ഡിപ്പാർട്ട്‌മെന്റിന് അയച്ചതെന്ന് കരുതുന്ന കത്താണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. കാനഡയിലെ സുരക്ഷാ സേനയേക്കാൾ കൂടുതൽ തോക്കുകളും അയ്യായിരത്തിലധികം അംഗങ്ങളും തങ്ങൾക്കുണ്ടെന്നാണ് കത്തിലെ പ്രധാന അവകാശവാദം. രാജ്യത്ത് തങ്ങളുടെ സംഘം അധികാരം സ്ഥാപിക്കുമെന്നും പോലീസ് സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കത്തിൽ വ്യക്തമാക്കുന്നുണ്ട്.
സംഘടിത കുറ്റകൃത്യങ്ങളിലും ഭീഷണിപ്പെടുത്തി പണം തട്ടൽ കേസുകളിലും പങ്കാളികളായ ഏതാനും ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസി കഴിഞ്ഞ ദിവസങ്ങളിൽ നാടുകടത്തിയിരുന്നു. ഇമിഗ്രേഷൻ ആക്ട് പ്രകാരം കരംവീർ സിംഗ്, പൽവീന്ദർ സിംഗ് തുടങ്ങിയ പ്രമുഖരെയാണ് ഭരണകൂടം തിരിച്ചയച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് പോലീസിനെ ലക്ഷ്യമിട്ടുള്ള ഭീഷണിക്കത്ത് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നാടുകടത്തൽ നടപടികളുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിലും ഈ ഭീഷണിക്കത്തിന്റെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അന്താരാഷ്ട്ര വിദ്യാർത്ഥി വിസയും വർക്ക് പെർമിറ്റുകളും ദുരുപയോഗം ചെയ്താണ് ഗുണ്ടാസംഘങ്ങൾ പ്രവർത്തനം വിപുലീകരിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. പഠനത്തിനായി കാനഡയിലെത്തുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളെ ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. വിദ്യാർത്ഥി വിസയിലുള്ള ഇന്ത്യൻ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇമിഗ്രേഷൻ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
Also Read ; ആൽബർട്ട കാനഡ വിട്ടാൽ 17,000 കോടി ഡോളറിന്റെ ബാധ്യത; റിപ്പോർട്ട് പുറത്ത്
വിദ്യാർത്ഥികളെ മുന്നിൽ നിർത്തി പ്രദേശത്തെ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കെതിരെ വ്യാപകമായി പണം തട്ടൽ നടക്കുന്നുണ്ടെന്ന് കാനഡയിലെ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറിയിച്ചു. ബിഷ്‌ണോയി സംഘത്തിന്റെ പേര് ഉപയോഗിച്ച് ചെറുസംഘങ്ങളും സമാനമായ ഭീഷണികൾ ഉയർത്തുന്നുണ്ട്. നിലവിൽ കത്തിന്റെ ഉറവിടത്തെക്കുറിച്ചും പ്രചരിക്കുന്ന വിവരങ്ങളുടെ സത്യവസ്ഥയെക്കുറിച്ചും കനേഡിയൻ അന്വേഷണ ഏജൻസികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









