ടൊറന്റോ: ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിനും ഇസ്രായേലിലെ ടെൽ അവീവ് ബെൻ ഗുറിയോൺ വിമാനത്താവളത്തിനും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ എയർ കാനഡ നവംബർ 30 മുതൽ വീണ്ടും തുടങ്ങുമെന്ന് റിപ്പോർട്ട്. മുൻപ് 2027 ജനുവരിയിൽ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന കമ്പനി, മേഖലയിലെ സുരക്ഷയും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് തീരുമാനത്തിൽ മാറ്റം വരുത്തിയത്. ശൈത്യകാല യാത്രാ സീസണിന്റെ തുടക്കത്തിൽ തന്നെ സർവീസ് ആരംഭിക്കാൻ കഴിഞ്ഞത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
കാനഡയ്ക്കും ഇസ്രായേലിനും ഇടയിൽ നിലവിൽ മറ്റ് വിമാനക്കമ്പനികളൊന്നും നേരിട്ടുള്ള സർവീസുകൾ നടത്തുന്നില്ല. 2022-ൽ ഇസ്രായേലി വിമാനക്കമ്പനിയായ ‘എൽ അൽ’ ടൊറന്റോയിലേക്കുള്ള സർവീസ് നിർത്തിയതോടെ എയർ കാനഡ മാത്രമായിരുന്നു ഈ റൂട്ടിൽ ഉണ്ടായിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം കുറച്ചുകാലമായി ഈ സർവീസും നിർത്തിവെച്ചിരിക്കുകയായിരുന്നു. പുതിയ തീരുമാനത്തോടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിച്ച് ആഴ്ചയിൽ നാല് ദിവസമായിരിക്കും ഇനി സർവീസ് നടത്തുക. കാനഡ വഴി മറ്റ് അമേരിക്കൻ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കും ഇത് ഏറെ സഹായകരമാകും.
ALSO READ; ബി.സിയിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 3.7 തീവ്രത, ജാഗ്രതയിൽ ജനങ്ങൾ
പശ്ചിമേഷ്യൻ മേഖലയിൽ സാഹചര്യം മെച്ചപ്പെട്ടതോടെ നിരവധി പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളും ടെൽ അവീവിലേക്ക് വീണ്ടും പറന്നുതുടങ്ങിയിട്ടുണ്ട്. അമേരിക്കൻ കമ്പനികളായ ഡെൽറ്റ എയർ ലൈൻസും യുണൈറ്റഡ് എയർലൈൻസും സെപ്റ്റംബർ മുതൽ സർവീസുകൾ പുനരാരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ അവസാനത്തോടെ സ്കാൻഡിനേവിയൻ എയർലൈൻസും ഇസ്രായേലിലേക്ക് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്തു തുടങ്ങും. യൂറോപ്യൻ ബജറ്റ് വിമാനക്കമ്പനിയായ വിസ്സ് എയറും ടെൽ അവീവിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









