വിന്നിപെഗ് : മാനിറ്റോബയിലെ പ്രമുഖ ഇന്റർസെക്ഷനിൽ കഴിഞ്ഞദിവസം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ 4 കൗമാരക്കാർ മരിച്ചതിനെ തുടർന്ന്, അവിടെ അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പ്രവിശ്യാ സർക്കാർ. ഈ മാസം ആദ്യമാണ് വിന്നിപെഗ് ബീച്ചിന് സമീപമുള്ള ഹൈവേ 8, ഹൈവേ 229 എന്നിവ സംഗമിക്കുന്ന ഭാഗത്ത് വെസ്റ്റ്വേർഡ് സഞ്ചരിക്കുകയായിരുന്ന കാറിൽ വാൻ വന്നിടിച്ച് അപകടമുണ്ടായത്. മായ ബോർസ (18), ബ്രെയ്ഡൻ ഡേവിസ് (18), ക്ലോയി വെർമെറ്റ് (18), ലാന്റൻ കെയ്-കാമറൂൺ (17) എന്നീ കൗമാരക്കാരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.
വർഷങ്ങളായി നിരന്തരം അപകടങ്ങൾ നടക്കുന്ന ഈ ഭാഗത്ത് ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് വലിയ ദുരന്തത്തിന് വഴിവെച്ചതെന്ന് നാട്ടുകാരും കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളും ആരോപിച്ചിരുന്നു. അപകടത്തിന് പിന്നാലെ ഉയർന്ന ശക്തമായ ജനരോഷത്തെ തുടർന്നാണ് പ്രവിശ്യാ സർക്കാർ ഉടനടി നടപടിയിലേക്ക് കടന്നത്. റോഡിലെ പെയിന്റ് അടയാളങ്ങൾ വ്യക്തമാക്കുകയും വാഹനം പതുക്കെയാക്കാൻ സഹായിക്കുന്ന റംബിൾ സ്ട്രിപ്പുകൾ നന്നാക്കുകയും ചെയ്തു. ഇതിന് പുറമെ കവലയിൽ തെളിച്ചമുള്ള ചുവന്ന ഫ്ലാഷിംഗ് ലൈറ്റുകൾ ഉടൻ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഈ താൽക്കാലിക ക്രമീകരണങ്ങൾക്ക് പകരം സ്ഥിരമായി ട്രാഫിക് സിഗ്നൽ ലൈറ്റുകൾ തന്നെ ഇവിടെ സ്ഥാപിക്കണമെന്ന് മകളെ നഷ്ടപ്പെട്ട ടോം ബോർസ ആവശ്യപ്പെട്ടു. റോഡ് സുരക്ഷയിൽ വരുത്തിയ വീഴ്ചയാണ് തന്റെ മകളുടെ ജീവനെടുത്തതെന്നും ഇനി മറ്റൊരു കുടുംബത്തിനും ഈ ഗതി വരരുതെന്നും അദ്ദേഹം പറഞ്ഞു. 2017 മുതൽ 26-ലധികം അപകടങ്ങൾ നടന്ന ഈ റോഡിനെ ‘മരണപ്പാത’ എന്നാണ് നാട്ടുകാർ വിളിക്കുന്നത്. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ (RCMP) അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം പ്രദേശത്ത് കൂടുതൽ സുരക്ഷാ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന ഉറപ്പ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









