നയാഗ്രാ: നയാഗ്രായിലെ വിനോദസഞ്ചാര മേഖലയ്ക്ക് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഒന്റാരിയോ ഭരണകൂടം ‘ഡെസ്റ്റിനേഷൻ നയാഗ്ര സ്ട്രാറ്റജി’ എന്ന പേരിൽ വൻ വികസന പദ്ധതി പ്രഖ്യാപിച്ചു. പ്രദേശത്തെ പ്രതിവർഷ വിനോദസഞ്ചാരികളുടെ എണ്ണം നിലവിലുള്ള 1.3 കോടിയിൽ നിന്ന് ഇരട്ടിയാക്കുകയും സാമ്പത്തിക വളർച്ച ഉറപ്പാക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഈ പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി പ്രവർത്തിച്ചിരുന്ന പ്രശസ്തമായ മറൈൻലാൻഡ് പ്രദേശം വൻ മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. നൂറുകണക്കിന് ഏക്കർ വിസ്തൃതിയുള്ള ഈ സ്ഥലം കുടുംബങ്ങൾക്കായി അത്യാധുനിക തീം പാർക്കായും വിനോദ കേന്ദ്രമായും മാറ്റാൻ പുതിയ നിക്ഷേപകർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് നയാഗ്ര പാർക്സ് സി.ഇ.ഒ ഡേവിഡ് അഡാമ്സ് സ്ഥിരീകരിച്ചു.
കൂടാതെ കനേഡിയൻ ഹോഴ്സ്ഷൂ വെള്ളച്ചാട്ടത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ‘ടൊറന്റോ പവർ ജനറേറ്റിങ് സ്റ്റേഷൻ’ ഒരു പഞ്ചനക്ഷത്ര ബുട്ടീക് ഹോട്ടലായി മാറ്റും. പൊതുജനങ്ങൾക്കായി സൗജന്യ മ്യൂസിയവും ആർട്ട് ഗാലറിയും ഇതിൽ ഉൾപ്പെടും. 30 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ ഹോട്ടൽ പദ്ധതി പൂർണ്ണമായും സ്വകാര്യ നിക്ഷേപത്തിലൂടെയാണ് നടപ്പിലാക്കുന്നത്. അടുത്ത മാസം നിർമ്മാണം ആരംഭിക്കുന്ന ഈ പദ്ധതി നാല് വർഷത്തിനുള്ളിൽ പൂർത്തിയാകും.
Also Read: ഐസ്ക്രീം മുതൽ പ്രതിരോധ മേഖല വരെ; താരിഫിനിടയിലും കാനഡയിൽ തദ്ദേശീയ വ്യവസായങ്ങൾക്ക് മുന്നേറ്റം
പുതിയ കാസിനോകൾ, വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യങ്ങൾ സമ്മാനിക്കുന്ന വലിയ ഒബ്സർവേഷൻ വീൽ, കൂടുതൽ വിപുലമായ ഗതാഗത സൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. നിലവിൽ പ്രതിവർഷം 300 കോടി ഡോളർ വരുമാനം തരുന്ന നയാഗ്രയെ വർഷം മുഴുവൻ സജീവമായ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് നയാഗ്ര പാർക്സ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









