വാഷിംഗ്‌ടൺ: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ മാസങ്ങളോളം പിന്തുടർന്ന് ശല്യം ചെയ്തതിന് ശേഷം യുവാവ് വെടിവച്ച് കൊലപ്പെടുത്തി. കലിഫോർണിയയിലെ സാക്രമെന്റോയിൽ ഇന്ത്യൻ വംശജയായ ശാലിനി താക്കൂർ (38) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രോഹിത് (22) പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ സ്വയം വെടിവച്ച് ജീവനൊടുക്കി. ഒരു ഷോപ്പിംഗ് സെന്ററിന് പുറത്തുവച്ച് കാറിലേക്ക് നടന്നുപോകുകയായിരുന്ന ശാലിനിയെ രോഹിത് വെടിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഏകദേശം മൂന്ന് മണിയോടെ സാക്രമെന്റോ കൗണ്ടിയിലെ ആർഡൻ-ആർക്കേഡ് പ്രദേശത്തുള്ള ‘ഹൗ’ അവന്യൂവിലെ ഷോപ്പിങ് പ്ലാസയിലെ പനേര ബ്രെഡ് റസ്റ്ററന്റ് പാർക്കിങ് ഏരിയയിലായിരുന്നു സംഭവം.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് വീണ്ടും വെടിവച്ച ഇയാൾ, നിലത്തുവീണ ശാലിനിയുടെ തലയിലേക്ക് തൊട്ടടുത്തുനിന്ന് ഒന്നുകൂടി വെടിയുതിർത്ത് മരണം ഉറപ്പാക്കി. സംഭവം നടന്ന് മിനിറ്റുകൾക്കകം, രക്ഷപ്പെടാൻ ശ്രമിച്ച രോഹിതും സ്വന്തം കാറിനുള്ളിൽ വച്ച് സ്വയം വെടിവച്ച് മരിച്ചു. വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഇയാൾ കൊലപാതകം നടത്തിയത്. കഴിഞ്ഞ ജനുവരി മുതൽ രോഹിത് ശാലിനിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഇതിനായി ഇവരുടെ കാറിന്റെ ബോണറ്റിനടിയിൽ ഒരു ആപ്പിൾ എയർടാഗ് ഇയാൾ ഒളിപ്പിച്ചുവെച്ചു.
ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!
കൂടാതെ, ശാലിനിയുടെ കാറിന്റെ ടയറുകളിലെ കാറ്റഴിച്ചുവിട്ട ശേഷം സഹായിക്കാനെന്ന വ്യാജേന അടുക്കാൻ ശ്രമിക്കുകയും ചെയ്തു. ശാലിനി ഉറങ്ങിക്കിടക്കുമ്പോൾ അവരുടെ വീടിന്റെ വ്യാജ താക്കോൽ ഉപയോഗിച്ച് മുറിക്കുള്ളിൽ കയറാൻ വരെ ഇയാൾ മുതിർന്നിരുന്നു. ശല്യം അതിരുവിട്ടതോടെ പൊലീസ് ശക്തമായി നിർബന്ധിച്ചതിനെത്തുടർന്ന് മേയ് മാസത്തിൽ ശാലിനി കോടതിയെ സമീപിച്ച് രോഹിതിനെതിരെ ‘റിസ്ട്രെയിനിങ് ഓർഡർ’ സമ്പാദിച്ചു. എന്നാൽ ജൂലൈ 29ന് കോടതി ഉത്തരവ് ലംഘിച്ച് ഇയാൾ ശാലിനിയുടെ വീട്ടുപടിക്കൽ പലചരക്ക് സാധനങ്ങൾ എത്തിച്ച് വീണ്ടും ഭീതി സൃഷ്ടിക്കുകയായിരുന്നു. 2023-ൽ അരിസോണ വഴി അനധികൃതമായി അമേരിക്കയിലെത്തിയ ഇന്ത്യക്കാരനാണ് രോഹിത്. അന്ന് ബോർഡർ പട്രോൾ വിഭാഗം ഇയാളെ പിടികൂടിയിരുന്നെങ്കിലും പിന്നീട് മോചിപ്പിക്കുകയായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









