വാഷിംഗ്ടൺ: അമേരിക്കയിലെ പ്രശസ്തമായ ‘ജോൺ എഫ്. കെന്നഡി സെന്റർ ഫോർ ദി പെർഫോമിങ് ആർട്സ്’ സാമ്പത്തിക പ്രതിസന്ധിയും കെട്ടിടത്തിന്റെ ജീർണ്ണാവസ്ഥയും കാരണം അടച്ചുപൂട്ടലിന്റെ വക്കിൽ. സാമ്പത്തിക തകർച്ച ഭീഷണി നേരിടുന്ന സ്ഥാപനത്തിന്റെ പ്രധാന കെട്ടിടത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തലാക്കുന്ന കാര്യത്തിൽ ഭരണസമിതി ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്തുമെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വരും ആഴ്ചകളിൽ ജീവനക്കാരുടെ ശമ്പളം നൽകാനോ ദൈനംദിന അറ്റകുറ്റപ്പണികൾക്കോ പോലും പണമില്ലാത്ത അവസ്ഥയിലാണ് സ്ഥാപനമെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ നിന്ന് കരകയറാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് സ്ഥാപനത്തിന്റെ പുറംചുവരിൽ ചേർത്ത് ഫണ്ട് സമാഹരിക്കാനാണ് നിലവിലെ ഭരണസമിതിയുടെ ശ്രമം. ട്രംപിന്റെ പേര് കെട്ടിടത്തിൽ പതിക്കുന്നതിനായുള്ള 10 വ്യത്യസ്ത വാചകങ്ങളിൽ ഒന്നിൽ ബോർഡ് അംഗങ്ങൾ തീരുമാനം എടുക്കും.
തന്റെ രണ്ടാം ഭരണകാലയളവിന്റെ തുടക്കത്തിൽ ട്രംപ് തന്നെ കെന്നഡി സെന്ററിന്റെ ചെയർമാനായി സ്വയം നിയമിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കേന്ദ്രത്തിന്റെ പേര് “ട്രംപ്-കെന്നഡി സെന്റർ” എന്ന് മാറ്റാൻ ഡിസംബറിൽ വോട്ടെടുപ്പ് നടത്തിയെങ്കിലും കോടതി അത് തടഞ്ഞു.
ട്രംപിന്റെ ഈ ഇടപെടലുകളിൽ പ്രതിഷേധിച്ച് പ്രമുഖ കലാകാരന്മാർ ഇവിടെ നടത്താനിരുന്ന പരിപാടികൾ കൂട്ടത്തോടെ റദ്ദാക്കി. ഇതോടെ ടിക്കറ്റ് വിൽപ്പന കുത്തനെ ഇടിഞ്ഞു. കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വരുമാനമാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം പ്രതീക്ഷിച്ച 220 മില്യൺ ഡോളറിൽ 124 മില്യൺ ഡോളർ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്. ചെലവുകൾ ചുരുക്കിയിട്ടും 23 മില്യൺ ഡോളറിന്റെ വൻ നഷ്ടമാണ് സ്ഥാപനത്തിനുള്ളത്.
സാമ്പത്തിക തകർച്ചയ്ക്ക് പുറമെ, ഈ മാസത്തിന്റെ തുടക്കത്തിലുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ കെട്ടിടത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഗ്രാൻഡ് ഫോയറിലെ പ്ലാസ്റ്റർ മേൽക്കൂര തകർന്ന് 60 അടി താഴേക്ക് വീണതടക്കം അടിയന്തരമായി വലിയ തുകയുടെ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നിട്ടുണ്ട്.
Also Read: ഐസ്‌ക്രീം മുതൽ പ്രതിരോധ മേഖല വരെ; താരിഫിനിടയിലും കാനഡയിൽ തദ്ദേശീയ വ്യവസായങ്ങൾക്ക് മുന്നേറ്റം
എന്നാൽ, മുൻ മാനേജ്‌മെന്റിന്റെ പതിറ്റാണ്ടുകളായുള്ള വീഴ്ചയും അശ്രദ്ധയുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് കെന്നഡി സെന്റർ വക്താവ് റോമ ദരാവി വിഷയത്തിൽ പ്രതികരിച്ചത്. കേന്ദ്രത്തിന്റെ പുനരുദ്ധാരണത്തിനായി പുതിയ ദാതാക്കളെ ആകർഷിക്കാനും പണം കണ്ടെത്താനും ചെയർമാൻ ഡൊണാൾഡ് ട്രംപിന്റെ പേര് കൂട്ടിച്ചേർക്കുന്നത് വഴി സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









