ഒട്ടാവ: സോഷ്യൽ മീഡിയ വഴിയുള്ള ബഹിഷ്കരണ ആഹ്വാനങ്ങളെയും പ്രതിഷേധങ്ങളെയും തള്ളി കാനഡ ജനസംഖ്യാ കണക്കെടുപ്പിൽ (സെൻസസ്) ജനങ്ങളുടെ വൻ പങ്കാളിത്തം. 2026-ലെ സെൻസസിൽ രാജ്യത്തെ 98.4 ശതമാനം ആളുകളും വിവരങ്ങൾ നൽകിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി. 2021-ലെ 98 ശതമാനത്തേക്കാൾ കൂടുതലാണിത്. ഇത്തവണ 88.6 ശതമാനം പേരും ഓൺലൈൻ വഴിയാണ് വിവരങ്ങൾ രേഖപ്പെടുത്തിയത്.
സെൻസസ് ഫോമുകളിൽ “റിട്ടേൺ ടു സെൻഡർ” എന്നെഴുതി തിരികെ അയച്ചും, ഫോമുകൾ കത്തിച്ചുമായിരുന്നു ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധം നടത്തിയത്. പ്രധാനമന്ത്രി മാർക്ക് കാർണിയെ ലക്ഷ്യമിട്ടുള്ള അധിക്ഷേപ സന്ദേശങ്ങളും ഇത്തരത്തിൽ അയച്ച കവറുകളിൽ ഉണ്ടായിരുന്നു. എന്നാൽ, ഇത്തരം പ്രതിഷേധങ്ങൾ ഒഴിവാക്കി ആളുകൾ സെൻസസുമായി സഹകരിക്കണമെന്ന് ലിബറൽ എം.പി മാർക്ക് ഗെറെറ്റ്സെൻ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ പങ്കാളിത്തമാണ് പ്രാദേശിക വികസനത്തിന് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാൻ സഹായിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read : അമേരിക്കയെ പൂട്ടാൻ കാനഡ: വെല്ലാൻഡ് കനാൽ അടയ്ക്കാനും ഊർജ നികുതി കൂട്ടാനും ആവശ്യം
രാജ്യത്തിന്റെ ഭാവി വികസന പദ്ധതികൾക്കും കൃത്യമായ തീരുമാനങ്ങൾക്കും ഈ വിവരങ്ങൾ അത്യാവശ്യമാണെന്ന് ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻ ആന്ദ്രെ ലോറഞ്ചർ പറഞ്ഞു. കാനഡയിലെ നിയമപ്രകാരം ഓരോ അഞ്ചു വർഷത്തിലും സെൻസസ് നടത്തൽ നിർബന്ധമാണ്. ഇതിൽ നിന്ന് വിട്ടുനിൽക്കുന്നവർക്ക് 500 ഡോളർ വരെ പിഴ ലഭിക്കാം. ജനസംഖ്യ, വരുമാനം, പൗരത്വം, ഭാഷ, ഭവനരഹിതരുടെ കണക്ക് തുടങ്ങിയ വിശദമായ വിവരങ്ങൾ അടങ്ങിയ അന്തിമ റിപ്പോർട്ട് അടുത്ത വർഷം ഏഴ് ഘട്ടങ്ങളിലായി പുറത്തുവിടും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









