മിയാമി: തലമുറകളായി അമേരിക്കയിലെ ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കിയ ഒരു ലക്ഷത്തിലധികം ആളുകൾക്ക് ഇനി ഔദ്യോഗികമായി കനേഡിയൻ പൗരത്വം ലഭിച്ചേക്കും. കാനഡയുടെ പൗരത്വ നിയമത്തിൽ വരുത്തിയ വിപ്ലവകരമായ മാറ്റമാണ് (Bill C-3) ഈ അപൂർവ്വ അവസരത്തിന് വഴിയൊരുക്കിയിരിക്കുന്നത്. രാജ്യത്തിന് പുറത്ത് ജനിച്ച വിദേശികൾക്ക് തങ്ങളുടെ കനേഡിയൻ വംശപരമ്പര തെളിയിക്കാൻ സാധിച്ചാൽ ഇനി മുതൽ എളുപ്പത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് സ്വന്തമാക്കാം.
മുൻപ് നിലവിലിരുന്ന ‘ഫസ്റ്റ് ജനറേഷൻ ലിമിറ്റ്’ ഇല്ലാതാക്കിയതാണ് ഈ മാറ്റത്തിന് കാരണം. ഇതനുസരിച്ച് വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ മക്കൾക്കോ, പേരക്കുട്ടികൾക്കോ, അതിനുമുകളിലുള്ള തലമുറയിലെ വംശപരമ്പരയിൽപ്പെട്ടവർക്കോ പൗരത്വം നിഷേധിക്കപ്പെടില്ല. പരീക്ഷകളോ മറ്റ് പ്രതിജ്ഞകളോ ഇല്ലാതെ തന്നെ യഥാർത്ഥ രേഖകൾ ഹാജരാക്കി ഈ ആനുകൂല്യം നേടിയെടുക്കാം.
യു.എസ് സെൻസസ് ബ്യൂറോയുടെ വിവരങ്ങൾ അനുസരിച്ച് 59,000 ഫ്ലോറിഡക്കാർ കനേഡിയൻ പാരമ്പര്യവും, 99,000 ആളുകൾ ഫ്രഞ്ച്-കനേഡിയൻ പാരമ്പര്യവും ഉള്ളവരാണ്. 1870-കൾ മുതൽ മരവ്യവസായത്തിനായും പിന്നീട് ടൂറിസത്തിനും കാലാവസ്ഥാ വ്യതിയാനങ്ങളിൽ നിന്നും രക്ഷപ്പെടാനുമായി ഫ്ലോറിഡയിലേക്ക് ചേക്കേറിയ കനേഡിയൻ കുടുംബങ്ങളിലെ പുതിയ തലമുറയ്ക്കാണ് ഈ നിയമം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നത്.
Also Read : അമേരിക്കയെ പൂട്ടാൻ കാനഡ: വെല്ലാൻഡ് കനാൽ അടയ്ക്കാനും ഊർജ നികുതി കൂട്ടാനും ആവശ്യം
ഇതുവഴി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നായ കനേഡിയൻ പാസ്പോർട്ട് സ്വന്തമാക്കാനും, കാനഡയിൽ ജീവിക്കാനും ജോലി ചെയ്യാനും വോട്ട് ചെയ്യാനുമുള്ള പൂർണ്ണ അവകാശം നേടാനും ഈ ഫ്ലോറിഡക്കാർക്ക് സാധിക്കും. അപേക്ഷകരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് നിലവിൽ രേഖപ്പെടുത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









