ടൊറന്റോ: ടൊറന്റോയിൽ ആഞ്ഞടിച്ച അതിശക്തമായ കൊടുങ്കാറ്റിൽ റോജേഴ്സ് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകർന്നു. വരുന്ന സെപ്റ്റംബർ 16-ന് നടക്കാനിരിക്കുന്ന പ്രശസ്തമായ ‘എസി/ഡിസി’ (AC/DC) റോക്ക് ബാന്ഡിന്റെ സംഗീതപരിപാടി ഇതോടെ വലിയ അനിശ്ചിതത്വത്തിലായി. തകർന്ന ഗ്യാലറി വെറും ഒരു ആഴ്ച കൊണ്ട് നന്നാക്കിയെടുക്കുക എന്നത് പ്രായോഗികമല്ലെന്നും, പരിപാടി നടത്താൻ ധൃതിപിടിക്കുന്നത് വലിയ അപകടത്തിന് വഴിവെക്കുമെന്നും എഞ്ചിനീയറിംഗ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ബുധനാഴ്ച പെയ്ത കനത്ത മഴയിലും കൊടുങ്കാറ്റിലുമാണ് 50,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിന് വലിയ നാശനഷ്ടമുണ്ടായത്. കാറ്റിന്റെ ശക്തി കൂട്ടുന്ന രീതിയിലുള്ള സ്റ്റേഡിയത്തിന്റെ പുറംമോടിയാണ് ഗ്യാലറിയും സീറ്റുകളും പിഴുതെറിയപ്പെടാൻ കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുറമെ വലിയ കേടുപാടുകൾ കാണാത്ത ഭാഗങ്ങളിൽ പോലും കണ്ണിൽപ്പെടാത്ത നേർത്ത വിള്ളലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, പഴയ ഘടന അതുപോലെ ഉപയോഗിക്കുന്നതിന് പകരം തകർന്ന ഭാഗങ്ങൾ പൂർണ്ണമായി പൊളിച്ചുനീക്കി പുതിയത് താൽക്കാലികമായി പണിയുന്നതാണ് സുരക്ഷിതമെന്ന് ടൊറന്റോ സർവകലാശാലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ALSO READ ; കനേഡിയൻ പൗരത്വമുണ്ടോ?; പങ്കാളിയെ കൂടെക്കൂട്ടാൻ ഇതാ ഒരു എളുപ്പവഴി
നിലവിൽ സ്റ്റേഡിയത്തിൽ മറ്റ് അറ്റകുറ്റപ്പണികളൊന്നും ആരംഭിച്ചിട്ടില്ല. പരിപാടിയുടെ സംഘാടകരായ ‘ലൈവ് നേഷൻ’ നഗരസഭയ്ക്ക് എഞ്ചിനീയറിംഗ് റിപ്പോർട്ടുകൾ സമർപ്പിച്ചു വരികയാണ്. 100 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്നും, സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സംഘാടകർ അറിയിച്ചു. എങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളിൽ പണികൾ തീർത്ത് പരിപാടി നടത്തുന്നത് അപ്രായോഗികമാണെന്നും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഒരു തീരുമാനവും എടുക്കരുതെന്നുമാണ് നഗരസഭാ അധികൃതരുടെ നിലപാട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









