ഹാമിൽട്ടൺ : ഹാമിൽട്ടൺ നഗരത്തിൽ ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ വൈറസ് ബാധ മനുഷ്യരിൽ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നഗരത്തിലെ ആരോഗ്യ വിഭാഗമാണ് രോഗബാധയേറ്റ കാര്യം പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ വെസ്റ്റ് നൈൽ വൈറസ് ഭീഷണി ‘മിതമായ’ അളവിൽ നിന്ന് ‘ഉയർന്ന’ അളവിലേക്ക് മാറിയതായി മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് അറിയിച്ചു.
കൊതുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, വീട്ടുപറമ്പുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളഞ്ഞു കൊതുക് പെരുകുന്നത് തടയണമെന്നും ആരോഗ്യ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.കൊതുകുകളിലൂടെ പടരുന്ന ഈ വൈറസ് ബാധിക്കുന്ന ഭൂരിഭാഗം ആളുകൾക്കും (ഏകദേശം 80 ശതമാനം) യാതൊരുവിധ ലക്ഷണങ്ങളും അനുഭവപ്പെടാറില്ല. എന്നാൽ പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും രോഗം ബാധിച്ചാൽ കടുത്ത പനിയോ, തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായേക്കാം.
രോഗമുള്ള കൊതുക് കടിച്ചാൽ 2 മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ട് തുടങ്ങും. വെസ്റ്റ് നൈൽ വൈറസിന് പുറമേ കൊതുകുകൾ വഴി പടരുന്ന മറ്റ് രോഗങ്ങൾക്കെതിരെയും ജാഗ്രത വേണമെന്ന് അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഡോ. ബാർട്ട് ഹാർവി വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിനായി നഗരത്തിലെ ഓടകളിലും പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും കൊതുക് ലാർവകളെ നശിപ്പിക്കാനുള്ള മരുന്ന് തളിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി പബ്ലിക് ഹെൽത്ത് അറിയിച്ചു.
പുറത്തിറങ്ങുമ്പോൾ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക എന്നിവയാണ് രോഗത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന വഴികൾ. വരുംദിവസങ്ങളിൽ തണുപ്പ് കൂടി മഞ്ഞുവീഴ്ച തുടങ്ങുന്നതോടെ കൊതുകുകളുടെ എണ്ണം കുറയുകയും രോഗഭീഷണി ഒടുങ്ങുകയും ചെയ്യുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









