ലണ്ടൻ: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലുണ്ടായ പെട്ടെന്നുള്ള സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ചൊവ്വാഴ്ചയാണ് രാജ്യത്തെ വിമാന സർവീസുകളെ പൂർണ്ണമായി നിശ്ചലമാക്കിയ സംഭവം ഉണ്ടായത്. ലണ്ടനിലെ പ്രധാന വിമാനത്താവളങ്ങളായ ഹിത്രൂ, ഗാറ്റ്‌വിക് അടക്കം ആറോളം കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടേണ്ടതും എത്തേണ്ടതുമായി ആയിരത്തിലധികം വിമാനങ്ങളെ തകരാർ നേരിട്ട് ബാധിച്ചു. മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ ഇവിടെ സാങ്കേതിക തകരാർ മൂലം വിമാന സർവീസുകൾ തടസ്സപ്പെട്ടിരുന്നു.
വ്യോമയാന ഗതാഗതം നിയന്ത്രിക്കുന്ന നാഷണൽ എയർ ട്രാഫിക് സർവീസസിന്റെ (NATS) കമ്പ്യൂട്ടർ സിസ്റ്റത്തിലുണ്ടായ തകരാറാണ് ഈ വൻ പ്രതിസന്ധിക്ക് കാരണമായത്. വിമാനങ്ങളുടെ റൂട്ട് അടക്കമുള്ള വിവരങ്ങൾ പ്രോസസ് ചെയ്യുന്ന സിസ്റ്റമാണ് പ്രവർത്തനരഹിതമായത്. തുടർന്ന് മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ തകരാർ പരിഹരിച്ചതായും സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാരോട് എൻ.എ.ടി.എസ് ഖേദം പ്രകടിപ്പിച്ചു.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
സംഭവം വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഉണ്ടാക്കിയത് വലിയ ബുദ്ധിമുട്ടാണ്. മുൻനിര വിമാനക്കമ്പനിയായ റയാൻഎയറിന്റെ മാത്രം അൻപതിലധികം സർവീസുകൾ റദ്ദാക്കേണ്ടി വന്നു. എട്ട് മണിക്കൂറോളം വിമാനങ്ങൾ വൈകിയതിനെ തുടർന്ന് 65,000-ത്തിലധികം യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ചെറിയ സമയത്തേക്ക് സിസ്റ്റം നിലച്ചാൽ പോലും മുഴുവൻ വിമാന സർവീസുകളുടെയും സമയക്രമം തെറ്റുമെന്നും ഇതിന്റെ പ്രത്യാഘാതം വലുതാണെന്നും വ്യോമയാന വിദഗ്ധർ വ്യക്തമാക്കുന്നു.
തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം വീഴ്ചകളിൽ ശക്തമായ അമർഷവുമായി വിമാനക്കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. നാഷണൽ എയർ ട്രാഫിക് സർവീസസ് മേധാവി മാർട്ടിൻ റോൾഫ് രാജി വെക്കണമെന്നും യുകെ സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും വിമാനക്കമ്പനികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടുമെന്നും യുകെയുടെ വ്യോമയാന ഗതാഗത സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നും യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









