ഓട്ടവ : പ്രധാനമന്ത്രി മാർക്ക് കാർണിയെ ലക്ഷ്യമിട്ട് വീണ്ടും പരിഹാസവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു ഹോക്കി കാർട്ടൂൺ ചിത്രത്തിലൂടെയാണ് ട്രംപ് കാർണിയെ പരിഹസിച്ചത്. കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി മാറണമെന്ന് മുൻപും ആവശ്യപ്പെട്ടിട്ടുള്ള ട്രംപ്, പ്രധാനമന്ത്രിയെ ‘ഗവർണർ’ എന്നാണ് വിശേഷിപ്പിച്ചത്.
യു.എസ് ജേഴ്സി ധരിച്ച് ഐസിൽ നിൽക്കുന്ന ട്രംപ്, കാനഡയുടെ ഹോക്കി ജേഴ്സി ധരിച്ച് നിലത്തുവീണുകിടക്കുന്ന കാർണിയെ നോക്കി “എഴുന്നേൽക്കൂ, ഗവർണർ” എന്ന് പറയുന്നതാണ് ചിത്രത്തിലുള്ളത്. കാനഡയുടെ കറൻസി മൂല്യത്തിലെ വ്യത്യാസം അമേരിക്കയ്ക്ക് അംഗീകരിക്കാൻ കഴിയാത്തതാണെന്നും വർഷങ്ങളായി ഈ അവസ്ഥ തുടരുകയാണെന്നും കാർട്ടൂൺ പങ്കുവെക്കുന്നതിന് മുൻപ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപിന്റെ ഈ പരാമർശങ്ങളോട് മാർക്ക് കാർണി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കാനഡ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ പുതിയ താരിഫുകൾ ഏർപ്പെടുത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ട്രംപിന്റെ ഈ നടപടി. വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് അവസാനത്തോടെ ട്രംപ് ഭരണകൂടം കാനഡയ്ക്ക് മേൽ 50 ശതമാനം താരിഫ് ചുമത്തിയിരുന്നു. ഇതിന് മറുപടിയായി, 700-ലധികം വരുന്ന അമേരിക്കൻ ഉൽപ്പന്നങ്ങളിലായി ഏകദേശം 2,8 ബില്യൺ ഡോളറിന്റെ തീരുവ ചൊവ്വാഴ്ച മുതൽ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കാനഡ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









