സെന്റ് ജോൺ : സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തെ തുടർന്ന് കാനഡയിലെ ഗാൻഡർ ഉൾപ്പെടെയുള്ള നഗരങ്ങൾ ആയിരക്കണക്കിന് വിമാനയാത്രക്കാർക്ക് അഭയം നൽകി ലോകത്തിന്റെ ശ്രദ്ധ നേടിയിട്ട് ഇരുപത്തിയഞ്ച് വർഷത്തോട് അടുക്കുന്നു. എന്നാൽ, അപരിചിതരായ മനുഷ്യർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ വാതിലുകൾ തുറന്നുകൊടുക്കുന്ന കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ (N.L.) ജനങ്ങളുടെ ചരിത്രം അതിനും വളരെ മുൻപുള്ളതാണ്. മനുഷ്യത്വത്തിന്റെ ഈ മാതൃകകൾ പലതവണ ലോകത്തിന് മുന്നിൽ അവർ തെളിയിച്ചിട്ടുണ്ട്.
1828 ജൂലൈയിൽ ജോർജ്ജ് ഹാർവി എന്ന ഫിഷർമാനും കുടുംബവും ഐൽ ഔക് മോർട്ട്സിൽ തകർന്നുവീണ ഡെസ്പാച്ച് കപ്പലിലെ 163 അതിജീവിതരെ സ്വന്തം വീട്ടിലും താൽക്കാലിക ഷെൽട്ടറുകളിലുമായി ആഴ്ചകളോളം സംരക്ഷിച്ചത് ഇതിന് മികച്ച ഉദാഹരണമാണ്. പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ നാവികസേനയുടെ യുഎസ്ടി ട്രക്സ്റ്റുൻ കപ്പൽ തകർന്നുണ്ടായ ദുരന്തത്തിൽ രക്ഷപ്പെട്ട കറുത്ത വർഗ്ഗക്കാരനായ ലാനിയർ ഫിലിപ്സിനെ സെന്റ് ലോറൻസ് ഗ്രാമവാസികൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പരിചരിച്ച സംഭവം ഏറെ ശ്രദ്ധേയമാണ്. ഈ അനുഭവമാണ് പിന്നീട് വർണ്ണവിവേചനത്തിനെതിരെ പോരാടാനും മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനൊപ്പം പൗരാവകാശ പ്രസ്ഥാനങ്ങളിൽ സജീവമാകാനും അദ്ദേഹത്തിന് പ്രചോദനമായത്.
തുടർന്ന് 1961-ലെ കാട്ടുതീ ദുരന്തകാലത്തും നൂറുകണക്കിന് ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ ഇവിടത്തെ ജനങ്ങൾ മുന്നോട്ടുവന്നു. ടെറൻസ്‌വില്ലെയിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 450 പേരെയാണ് അന്ന് ബേ ലാർജന്റിലേക്കും മേരിസ്‌ടൗണിലേക്കും എത്തിച്ച് വീടുകളിൽ സുരക്ഷിതമായി താമസിപ്പിച്ചത്. കഠിനമായ കാലാവസ്ഥയും ദുർഘടമായ ഭൂപ്രകൃതിയും നിറഞ്ഞ പ്രദേശമായതുകൊണ്ടുതന്നെ, പരസ്പര സഹായവും അതിജീവനവും ഈ ജനതയുടെ ജീവിതരീതിയുടെ ഭാഗമായി മാറിയതാണ് ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യസ്നേഹത്തോടെ ഒപ്പമുണ്ടാകാൻ അവരെ പ്രേരിപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








