കാൽഗറി: ആൽബർട്ടയിൽ സമാധാനപരമായി പ്രതിഷേധിച്ച 10 അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കെതിരെയുള്ള നാടുകടത്തൽ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് 300-ഓളം സംഘടനകൾ സർക്കാരിന് തുറന്ന കത്തയച്ചു. ഫെഡറൽ പ്രൊവിൻഷ്യൽ സർക്കാരുകൾക്കാണ് മൈഗ്രന്റ് റൈറ്റ്സ് നെറ്റ്‌വർക്കിന്റെ നേതൃത്വത്തിൽ കത്ത് നൽകിയത്. സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെ മേൽ നിയമനടപടി സ്വീകരിക്കുന്നത് കാനഡ ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് സംഘടനകൾ കത്തിൽ വ്യക്തമാക്കുന്നു.
പോർട്ടേജ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) ഫെഡറൽ സർക്കാർ അന്യായമായി നിഷേധിച്ചതോടെയാണ് ജൂലൈയിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. വെബ്സൈറ്റിലെ യോഗ്യതാ നിബന്ധനകൾ സർക്കാർ പെട്ടെന്ന് മാറ്റിയതാണ് തങ്ങളുടെ അപേക്ഷകൾ നിരസിക്കപ്പെടാൻ കാരണമെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. എന്നാൽ പെർമിറ്റ് യോഗ്യതകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും നിബന്ധനകൾ വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
ഓഗസ്റ്റ് 12-ന് കാൽഗറിയിൽ നടന്ന പ്രതിഷേധത്തിനിടെ വഴി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് എത്തുകയും കുടിയേറ്റ വിഭാഗത്തെ (CBSA) വിവരം അറിയിക്കുകയുമായിരുന്നു. വിദ്യാർത്ഥികൾ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയെങ്കിലും, ചോദ്യം ചെയ്യലിന് ശേഷം 10 വിദ്യാർത്ഥികൾക്ക് കാനഡ വിട്ടുപോകാനുള്ള ‘എക്സ്ക്ലൂഷൻ ഓർഡർ’ നൽകി. ഈ ഉത്തരവ് ലഭിക്കുന്നവർ രാജ്യം വിടണമെന്നും ഒരു വർഷത്തേക്ക് തിരികെ വരാൻ കഴിയില്ലെന്നുമാണ് നിയമം.
Also Read: കാനഡയെ ഞെട്ടിച്ച കൂറ്റൻ മയക്കുമരുന്ന് ലാബ്; പിന്നിൽ ഒരാളോ?
അന്യായമായി വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ടതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്ന നിരവധി വിദ്യാർത്ഥികൾ ഇപ്പോൾ ഭാവി അനിശ്ചിതത്വത്തിലായ അവസ്ഥയിലാണ്. വിദ്യാർത്ഥികൾക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്നും സംഭവിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഡിപോർട്ടേഷൻ നടപടികൾക്കെതിരെ സെപ്റ്റംബർ 20-ന് ടൊറന്റോ, വൻകൂവർ, ഓട്ടവ തുടങ്ങിയ പ്രധാന നഗരങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടത്താൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









