ഓട്ടവ: കാനഡയിൽ ഉപരിപഠനത്തിനായി തയ്യാറെടുക്കുന്നവരും പാരമ്പര്യമായി കനേഡിയൻ പൗരത്വത്തിന് അർഹതയുള്ളവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി IRCC. ഇത്തരക്കാരുടെ Proof of Citizenship നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അടിയന്തര പ്രോസസിംഗ് സൗകര്യമുപയോഗിച്ച് വേഗത്തിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സാധാരണ രീതിയിൽ അപേക്ഷിച്ചാൽ പൗരത്വ സർട്ടിഫിക്കറ്റിനായി നിലവിൽ രണ്ട് വർഷത്തിലധികം അതായത് 25 മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുമെന്നാണ് ഐആർസിസി വ്യക്തമാക്കുന്നത്.
വിദേശത്തുള്ളവർക്ക് മാതാപിതാക്കൾ വഴിയോ ഗ്രാന്റ് പേരന്റസ് വഴിയോ പൗരത്വം ലഭിക്കുന്നതിനുള്ള ‘ബിൽ C-3’ നിയമം പ്രാബല്യത്തിൽ വന്നതോടെയാണ് പൗരത്വ അപേക്ഷകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് അപേക്ഷകൾ കുമിഞ്ഞുകൂടിയതാണ് സാധാരണ പ്രോസസിംഗ് സമയം 25 മാസമായി ഉയരാൻ കാരണമായത്. ഈ പ്രതിസന്ധി മറികടക്കാനാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് വേഗത്തിൽ സർട്ടിഫിക്കറ്റ് നൽകുന്ന അടിയന്തര പ്രോസസിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
പഠനാവശ്യാർത്ഥം അപേക്ഷ വേഗത്തിലാക്കാൻ ആഗ്രഹിക്കുന്നവർ പ്രധാന അപേക്ഷയ്ക്കൊപ്പം ചില പ്രത്യേക രേഖകൾ കൂടി സമർപ്പിക്കേണ്ടതുണ്ട്. അടിയന്തര പ്രോസസിംഗ് ആവശ്യപ്പെടാനുള്ള കാരണം വ്യക്തമാക്കുന്ന കവർ ലെറ്റർ, ഈ സർട്ടിഫിക്കറ്റ് വിദ്യാർത്ഥിയുടെ പഠനത്തിന് എത്രത്തോളം അത്യാവശ്യമാണെന്ന് വ്യക്തമാക്കുന്ന വിശദീകരണ കത്ത്, ഒപ്പം കാനഡയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള അഡ്മിഷൻ ലെറ്ററും ഫീസ് സംബന്ധിച്ച രേഖകളും ഇതിനായി ഹാജരാക്കണം.
ALSO READ: നൂറ്റാണ്ടിന് ശേഷം ഭാഗ്യം: ആ മെക്സിക്കൻ കുടുംബങ്ങൾക്ക് ഇനി കനേഡിയൻ പൗരത്വം
കനേഡിയൻ പൗരത്വം ലഭിക്കുന്നതിലൂടെ നിരവധി ആനുകൂല്യങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾ നൽകേണ്ട ഭീമമായ ട്യൂഷൻ ഫീസിന് പകരം കനേഡിയൻ പൗരന്മാർക്കുള്ള കുറഞ്ഞ ഫീസ് (Domestic Tuition Rate) മാത്രം നൽകിയാൽ മതിയെന്നത് വൻ തുക ലാഭിക്കാൻ സഹായിക്കും. കൂടാതെ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ആഴ്ചയിലെ 24 മണിക്കൂർ തൊഴിൽ പരിധി ഇല്ലാതെ എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇവർക്ക് ലഭിക്കും. സ്വന്തം രാജ്യത്തെ പൗരത്വം ഉപേക്ഷിക്കാതെ തന്നെ കനേഡിയൻ പൗരത്വം കൈവശം വെക്കാമെന്നതും ‘ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ’ വഴി മറ്റു വിദേശ രാജ്യങ്ങളിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവസരവും ഇതിലൂടെ ലഭിക്കും. പഠനത്തിന് പുറമേ ജോലി ലഭിച്ചവർ, ഗുരുതരമായ രോഗം അല്ലെങ്കിൽ കുടുംബത്തിലെ മരണം കാരണം യാത്ര ചെയ്യേണ്ടവർ എന്നിവർക്കും അടിയന്തര പ്രോസസിംഗ് സൗകര്യം ലഭ്യമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





