കാഠ്മണ്ഡു / ടൊറോന്റോ: നേപ്പാളിലും ടിബറ്റ് അതിർത്തി മേഖലയിലും ഉണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും കാനഡയിലെ ടൊറോന്റോയിൽ നിന്നുള്ള 10 പേരെ കാണാതായി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈഷാ ഫൗണ്ടേഷൻ സംഘടിപ്പിച്ച കൈലാസ യാത്രയിൽ പങ്കെടുത്ത 12 കനേഡിയൻ പൗരന്മാരടങ്ങുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് വിവരങ്ങൾ.

കൈലാസ മാനസസരോവർ തീർത്ഥാടനത്തിന് ശേഷം മടങ്ങവെ, ടിബറ്റിലെ ഗൈറോംഗിലുള്ള ഇമിഗ്രേഷൻ കേന്ദ്രത്തിൽ വച്ചാണ് സംഘം പ്രളയത്തിൽ പെട്ടതെന്ന് ഈഷാ ഫൗണ്ടേഷൻ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇമിഗ്രേഷൻ കേന്ദ്രത്തിനും പരിസര പ്രദേശങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കാണാതായവർക്കായി നയതന്ത്ര പ്രതിനിധികളുമായും പ്രാദേശിക ഭരണകൂടങ്ങളുമായും ചേർന്ന് തിരച്ചിൽ ശക്തമായി തുടരുകയാണെന്ന് ഫൗണ്ടേഷൻ അറിയിച്ചു.
Also Read : റഷ്യൻ ഡ്രോൺ ആക്രമണം: സംഭരണശാലയിൽ വൻ സ്ഫോടനം; 37 മരണം സ്ഥിരീകരിച്ച് യുക്രെയ്ൻ
നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ പ്രകൃതിദുരന്തത്തിൽ കനേഡിയൻ പൗരന്മാരും സ്ഥിരതാമസക്കാരുമായ കുറഞ്ഞത് 32 പേരെ കാണാതായിട്ടുണ്ടെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് ലക്ഷത്തോളം ആളുകൾക്ക് അടിയന്തര ഭക്ഷണവും കുടിവെള്ളവും മരുന്നും ആവശ്യമുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കാനഡ 50 ലക്ഷം ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദിന്റെ നേതൃത്വത്തിൽ നയതന്ത്ര ഉദ്യോഗസ്ഥർ ദുരന്തമേഖലയിൽ നേരിട്ടെത്തി തിരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. കാണാതായവർക്കായി പ്രാദേശിക സർക്കാരുമായും ട്രെക്കിംഗ് ഏജൻസികളുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
ദുരന്തത്തിൽ ഇതുവരെ 500-ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി ഗ്രാമങ്ങൾ പൂർണ്ണമായി തകരുകയും ചെയ്തിട്ടുണ്ട്. ചൈനീസ് പ്രദേശമായ ടിബറ്റിലെ ഡാം തകർന്നതിനെ തുടർന്ന് കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേപ്പാളിൽ ഇതുവരെ 3,700-ലധികം ആളുകളെ രക്ഷപ്പെടുത്തിയെങ്കിലും 977 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടിബറ്റൻ അതിർത്തി മേഖലയിൽ അഞ്ച് മരണങ്ങൾ സ്ഥിരീകരിക്കുകയും 558 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. വിനോദസഞ്ചാരം, തീർത്ഥാടനം, ജോലി ആവശ്യങ്ങൾക്കായി എത്തിയ വിദേശികളാണ് കാണാതായവരിൽ ഭൂരിഭാഗവും.
കാണാതായ മുഴുവൻ ആളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും, അവരുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഈഷാ ഫൗണ്ടേഷൻ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




