ഓട്ടവ: ലോകത്തിലെ ഏറ്റവും വലിയ നിയമപരമായ കഞ്ചാവ് വിപണിയെന്ന പദവി അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയ്ക്ക് നഷ്ടമായി. ജൂൺ മാസത്തെ ഔദ്യോഗിക വിൽപ്പന കണക്കുകൾ പുറത്തുവന്നതോടെ കാലിഫോർണിയയെ മറികടന്ന് കാനഡ ഒന്നാം സ്ഥാനത്തെത്തി.
ഫെഡറൽ ഗവൺമെന്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജൂണിൽ 51.78 കോടി കനേഡിയൻ ഡോളറിന്റെ (ഏകദേശം 37.45 കോടി യു.എസ് ഡോളർ) കഞ്ചാവ് വിൽപ്പനയാണ് രാജ്യത്ത് നടന്നത്. എന്നാൽ ഇതേ കാലയളവിൽ കാലിഫോർണിയയിലെ ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച് 37.24 കോടി യു.എസ് ഡോളറിന്റെ വിൽപ്പന മാത്രമാണ് അവിടെ രേഖപ്പെടുത്തിയത്. ജനസംഖ്യാടിസ്ഥാനത്തിൽ കാനഡയും (4.14 കോടി) കാലിഫോർണിയയും (3.95 കോടി) സമാനമാണെങ്കിലും, ഇരു വിപണികളും പിന്തുടരുന്ന നയങ്ങളാണ് ഈ വലിയ മാറ്റത്തിന് കാരണമായത്.
രാജ്യത്തുടനീളം പുതിയ ലൈസൻസ്ഡ് സ്റ്റോറുകൾ വ്യാപകമായി തുറന്നതും, അനധികൃത വിപണിക്കെതിരെ കർശന നടപടി എടുത്തതും, ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് നിയമപരമായി കയറ്റുമതി ആരംഭിച്ചതും കാനഡയുടെ വരുമാനം കുത്തനെ കൂട്ടി. ഇതിനു വിപരീതമായി, കടുത്ത നികുതി ഭാരവും ലൈസൻസിംഗ് തടസ്സങ്ങളും കാരണം കാലിഫോർണിയയിലെ വിപണി പിന്നാക്കം പോയി. സംസ്ഥാനത്തെ 53 ശതമാനത്തോളം പ്രദേശങ്ങളിൽ കഞ്ചാവ് വിൽപ്പനയ്ക്ക് നിരോധനം നിലനിൽക്കുന്നതും, മറ്റ് സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ കയറ്റുമതി ചെയ്യാൻ നിയമപരമായ അനുമതിയില്ലാത്തതും അവിടെ നിയമവിരുദ്ധ വിപണി ശക്തമാകാൻ കാരണമായി.
നിലവിൽ കാനഡയിൽ ഒരു ലക്ഷം പേർക്ക് ശരാശരി 7.9 കഞ്ചാവ് ഷോപ്പുകൾ ലഭ്യമായിരിക്കുമ്പോൾ കാലിഫോർണിയയിൽ ഇത് 3.7 മാത്രമാണ്. കാലിഫോർണിയയുടെ തെറ്റായ നയരൂപീകരണമാണ് ഈ തകർച്ചയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഒറ്റ മാസത്തെ കണക്കുകൾ വെച്ച് മാത്രം വിപണിയുടെ ഗതി നിശ്ചയിക്കാനാകില്ലെന്നും വരും മാസങ്ങളിൽ കൂടുതൽ കണക്കുകൾ പുറത്തുവരുമ്പോൾ കാലിഫോർണിയ വീണ്ടും മുന്നിലെത്തുമെന്നുമാണ് കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് കനബീസ് കൺട്രോൾ അധികൃതരുടെ വിശദീകരണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





