ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കമായി. ഉസ്ബെക്കിസ്ഥാനിലും കിർഗിസ് റിപ്പബ്ലിക്കിലുമാണ് പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഉസ്ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കുന്ന അദ്ദേഹം, കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ഉച്ചകോടിയിലും സാന്നിധ്യമറിയിക്കും.
ഉസ്ബെക് പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം ചർച്ചയാകും. മോദിയുടെ നാലാമത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനമാണിത്. ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലായി കിർഗിസ്ഥാനിൽ നടക്കുന്ന 26-ാമത് എസ്സിഒ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.
പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം, സാമ്പത്തിക സഹകരണം, ഗതാഗത ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയിൽ വ്യക്തമാക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് തുടങ്ങിയ പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കിർഗിസ്ഥാനിൽ നടക്കുന്ന ആറാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രധാനമന്ത്രി സന്നിഹിതനാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








