ഓട്ടവ: കാനഡയുടെ ഭാഷാ, സാംസ്കാരിക സംരക്ഷണ നടപടികൾ ഭാവിയിൽ അമേരിക്കൻ വ്യാപാര നടപടികൾക്ക് വിഷയമാകില്ലെന്ന് യുഎസ് സ്ഥിരീകരിച്ചതായി വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വ്യക്തമാക്കി. കനേഡിയൻ പരമാധികാരത്തെ മാനിക്കുന്നതും ഇരുരാജ്യങ്ങൾക്കും ഗുണകരവുമായ ഒരു വ്യാപാര കരാറിലേക്ക് എത്തുന്നതിന് യുഎസിൽ നിന്ന് കൂടുതൽ വ്യക്തതകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ തകർന്നതും തർക്കം രൂക്ഷമായതും. മറ്റ് രാജ്യങ്ങളുമായി കരാറുകളിലേർപ്പെടാനുള്ള കാനഡയുടെ സ്വാതന്ത്ര്യത്തെ അമേരിക്ക തടയാൻ ശ്രമിച്ചെന്നും ഭാഷാ-സാംസ്കാരിക അവകാശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം നടത്തിയെന്നും പ്രധാനമന്ത്രി മാർക്ക് കാർണി ആരോപിച്ചിരുന്നു. കൂടാതെ കാറുകളുടെ താരിഫ് കുറച്ചെങ്കിലും ട്രക്കുകൾക്ക് അമേരിക്ക ഇളവ് നൽകിയിരുന്നില്ല. എന്നാൽ ഓൺലൈൻ സ്ട്രീമിംഗ് ആക്ട്, ക്യുബെക്കിന്റെ ബിൽ 109 എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും ചർച്ചകൾ പരാജയപ്പെടാൻ കാരണം അതല്ലെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ വാദിച്ചു.
ALSO READ: കാനഡയിലെ വിദേശ തൊഴിലാളിയാണോ? ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്ന രണ്ട് നിർണായക നിയമങ്ങൾ അറിയാം
അതേസമയം ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുവകൾക്ക് അതേ നാണയത്തിൽ മറുപടി നൽകാനാണ് കാനഡയുടെ തീരുമാനം. ഏകദേശം 700 ഓളം അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഒട്ടാവ തിരിച്ചടി തീരുവ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി യുഎസ് സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങളുടെ തീരുവ 25-ൽ നിന്ന് 50 ശതമാനമായി ഉയർത്തി. വസ്ത്രങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 15 മുതൽ 50 ശതമാനം വരെ നികുതി പ്രഖ്യാപിച്ചെങ്കിലും സ്വന്തം രാജ്യത്തെ സാമ്പത്തിക ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി കടൽവിഭവങ്ങളെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കാനഡ തിരിച്ചടി തുടർന്നാൽ അമേരിക്ക കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ഗ്രീർ മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





