മോൺട്രിയാൽ: ക്യുബെക്കിൽ വീണ്ടും സ്ത്രീകൾക്ക് നേരെ പങ്കാളികളുടെ ക്രൂരത. വെറും പത്ത് ദിവസത്തിനിടെ മൂന്ന് സ്ത്രീകളാണ് ഇവിടെ പങ്കാളികളുടെ കൈകളാൽ കൊല്ലപ്പെട്ടത്. ഇതോടെ ഈ വർഷം മാത്രം പ്രവിശ്യയിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം 14 ആയി. വടക്കൻ ക്യുബെക്കിലെ ഇനുക്ജുആക് എന്ന ഗ്രാമത്തിലാണ് ഏറ്റവും ഒടുവിലത്തെ സംഭവം നടന്നത്. ഓഗസ്റ്റ് 24-ന് രാവിലെ 41 കാരിയായ എലിസബത്ത് കുമാക് എന്ന സ്ത്രീ സ്വന്തം വീട്ടിൽ വെച്ച് കുത്തേറ്റ് മരിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പ്രതിയായ പങ്കാളി ചാർലി പല്ലിസർ (45) സ്റ്റേഷനിലെത്തി ‘താനൊരു കുറ്റം ചെയ്തു’ എന്ന് സ്വയം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി ഗുരുതരമായി പരിക്കേറ്റ എലിസബത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി ചാർലിയെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
ഇതിന് ദിവസങ്ങൾക്ക് മുൻപാണ് മോൺട്രിയാലിലെ സെന്റ്-മിഷേലിൽ സമാനമായ മറ്റ് രണ്ട് കൊലപാതകങ്ങൾ നടന്നത്. 44 കാരിയായ ലീഖേന സെങ് അപ്പാർട്ട്‌മെന്റിനുള്ളിൽ കുത്തേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന പങ്കാളിക്കും പരിക്കേറ്റിരുന്നു. ഇയാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു. ഓഗസ്റ്റ് 17ന് 41 കാരിയായ കെർലിൻ ജീൻ കൊല്ലപ്പെട്ടു. ഇവരുടെ പങ്കാളി ബെറ്റോവൻ എറ്റിയെന്നെ (35) പോലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു.
തുടർച്ചയായുണ്ടാകുന്ന ഈ ദാരുണ സംഭവങ്ങളിൽ കാനഡയിലുടനീളം വൻ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് വനിതാ അവകാശ സംഘടനകൾ ആവശ്യപ്പെട്ടു. സ്ത്രീകൾ കൊല്ലപ്പെടുന്നത് കേവലം സ്ഥിതിവിവരക്കണക്കുകളായി മാറാൻ അനുവദിക്കില്ലെന്നും, രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഈ വിഷയത്തിന് മുൻഗണന നൽകണമെന്നുമുള്ള സംഘടനകളുടെ ആവിശ്യം ശക്തമാകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




