നയാഗ്ര ഫാൾസ്: നയാഗ്ര ഫാൾസിലുള്ള മാരിൻലാൻഡ് തീം പാർക്കിൽ നിന്ന് യു.എസിലെ ഷെഡ് അക്വേറിയത്തിലേക്ക് മാറ്റിയ ‘പീകാച്ചൂ’ (Peekachu) എന്ന 23 വയസ്സുള്ള ബെലൂഗ തിമിംഗലം ചത്തു. ഒരു കണ്ണിൽ കാഴ്ചയില്ലാത്ത ‘പീകാച്ചൂ’ എന്ന പെൺ തിമിംഗലത്തെ രണ്ടാഴ്ച മുൻപാണ് ഷെഡ് അക്വേറിയത്തിലേക്ക് എത്തിച്ചത്. ഭക്ഷണത്തോടുള്ള വിമുഖതയും നിർജ്ജലീകരണവും കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. കൃത്യമായ മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടക്കുകയാണ്.
ഇതിനിടെ, പാർക്കിലുണ്ടായിരുന്ന കാനഡയിലെ അവസാനത്തെ നാല് ഡോൾഫിനുകളെയും രണ്ട് ബെലൂഗ തിമിംഗലങ്ങളെയും സ്പെയിനിലേക്ക് മാറ്റി. എക്കോ, ലിഡ, മറീന, സുനാമി എന്നിവയെയും ക്ലിയോപാട്ര, ജെല്ലി ബീൻ എന്നീ ബെലൂഗ തിമിംഗലങ്ങളെയും സ്പെയിനിലെ ‘ഒഷ്യാനോഗ്രാഫിക് വലൻസിയ’ (Oceanografic Valencia) അക്വേറിയത്തിലേക്കാണ് മാറ്റിയത്. പ്രത്യേക കണ്ടെയ്നറുകളിലാക്കി ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇവയെ സ്പെയിനിലേക്ക് കൊണ്ടുപോയത്.
തിമിംഗലം ചത്തത് ദുഃഖകരമാണെന്നും മൃഗങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നൽകാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രയത്നിച്ച അക്വേറിയം അധികൃതരോട് നന്ദിയുണ്ടെന്നും കനേഡിയൻ ഫിഷറീസ് മന്ത്രി പറഞ്ഞു. തിമിംഗലം ചത്തത് വേദനജനകമാണെങ്കിലും അത്ഭുതപ്പെടുത്തുന്നില്ല എന്ന് മൃഗസംരക്ഷണ സംഘടനയായ ആനിമൽ ജസ്റ്റിസിന്റെ പ്രതിനിധി കേറ്റ്ലിൻ മിച്ചൽ വ്യക്തമാക്കി. വർഷങ്ങളായി രോഗബാധിതരായ ഇത്തരം ജീവികളെ പെട്ടെന്ന് ദീർഘദൂര യാത്രയ്ക്ക് വിധേയമാക്കുന്നത് വലിയ അപകടമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാർക്ക് അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി മാരിൻലാൻഡിലെ 30 ബെലൂഗ തിമിംഗലങ്ങളെയും 4 ഡോൾഫിനുകളെയുമാണ് വിവിധ രാജ്യങ്ങളിലെ അക്വേറിയങ്ങളിലേക്ക് മാറ്റുന്നത്. മാരിൻലാൻഡ് ഇവയെ ചൈനയ്ക്ക് വിൽക്കാൻ ആദ്യം ശ്രമിച്ചെങ്കിലും, തിമിംഗലങ്ങളെയും ഡോൾഫിനുകളെയും തടവിൽ പാർപ്പിക്കുന്നതും പ്രജനനം നടത്തുന്നതും നിരോധിച്ചുകൊണ്ട് 2019-ൽ കാനഡ കൊണ്ടുവന്ന നിയമം മുൻനിർത്തി ഫെഡറൽ സർക്കാർ അത് തടയുകയായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





