ഓട്ടവ: കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ സ്പൗസൽ ഓപ്പൺ വർക്ക് പെർമിറ്റ് (SOWP) ദുരുപയോഗം ചെയ്യുന്നതായുള്ള കനേഡിയൻ ഗവൺമെന്റിന്റെ ആഭ്യന്തര റിപ്പോർട്ട് വലിയ ചർച്ചയാകുന്നു. വർക്ക് പെർമിറ്റും സ്ഥിരതാമസവും എളുപ്പത്തിൽ സ്വന്തമാക്കുന്നതിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ‘മാര്യേജ് ഓഫ് കൺവീനിയൻസ്’ അഥവാ വ്യാജ വിവാഹങ്ങളിൽ ഏർപ്പെടുന്നതായാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. വിദേശത്തുള്ള ചില ഏജന്റുമാർ വ്യാജ വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെയും കുടുംബങ്ങളെയും ഇത്തരം തട്ടിപ്പുകളിലേക്ക് നയിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ സ്പൗസൽ വർക്ക് പെർമിറ്റ് നേടിയെടുക്കുന്നതിനായി ഡേറ്റിംഗ് ആപ്പുകൾ വഴി പോലും ‘വ്യാജ വിവാഹ’ പരസ്യങ്ങൾ നൽകുന്നതായും ടൊറന്റോ സൺ, ദി ഗ്ലോബ് ആൻഡ് മെയിൽ എന്നിവ റിപ്പോർട്ട് ചെയ്യുന്നു. ഇതോടൊപ്പം അപേക്ഷകരിൽ പലർക്കും ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമില്ലാത്തതും കനേഡിയൻ അധികൃതരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികൾ വ്യാജ വിവാഹങ്ങളിൽ ഏർപ്പെടുന്നുവെന്ന കനേഡിയൻ നയതന്ത്രജ്ഞന്റെ ആരോപണങ്ങൾക്കെതിരെ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ സംസ്കാരത്തിലെ പരമ്പരാഗത അറേഞ്ച്ഡ് മാര്യേജ് രീതികളെയും, വിദേശത്ത് സ്ഥിരതാമസമാക്കിയവരെ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന സാംസ്കാരിക രീതികളെയും കുടിയേറ്റ തട്ടിപ്പുകളുമായി കൂട്ടിക്കുഴച്ചതാണ് ഇത്തരമൊരു വിലയിരുത്തലിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാനഡയിലെ ഇമിഗ്രേഷൻ ആനുകൂല്യങ്ങളും സ്പൗസൽ വർക്ക് പെർമിറ്റുകളും കൈപ്പറ്റാൻ വേണ്ടി മാത്രമുള്ള തട്ടിപ്പ് വിവാഹങ്ങളും, ഇന്ത്യയിലെ കുടുംബങ്ങൾ മുൻകൈയെടുത്ത് നടത്തുന്ന അറേഞ്ച്ഡ് വിവാഹങ്ങളും രണ്ടും രണ്ടാണ് എന്നാണ് വിമർശകർ പറയുന്നത്. ഇന്ത്യയിലെ മാട്രിമോണിയൽ പരസ്യങ്ങളിൽ ‘എൻആർഐ’ പങ്കാളികളെ തിരയുന്നത് കേവലം വിസ തട്ടിപ്പല്ല. ജാതി, സാമ്പത്തികം, കുടുംബ പശ്ചാത്തലം എന്നിവയ്ക്കൊപ്പം വിദേശത്ത് പോയി ജീവിക്കാനുള്ള ആഗ്രഹവും ഇത്തരം അറേഞ്ച്ഡ് വിവാഹങ്ങളിൽ ഒരു സാധാരണ ഘടകമാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അത് പരമ്പരാഗതമായി നിലനിൽക്കുന്ന സാമൂഹിക യാഥാർത്ഥ്യമാണെന്നിരിക്കെ, അതിനെ കുടിയേറ്റ തട്ടിപ്പായി മാത്രം കനേഡിയൻ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു എന്നതാണ് പ്രധാന വിമർശനം.
കുടിയേറ്റ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന യഥാർത്ഥ വ്യാജ വിവാഹങ്ങൾ നിലനിൽക്കുന്നുണ്ടെന്ന കാര്യം നിഷേധിക്കാനാവില്ലെങ്കിലും, ഇന്ത്യയിലെ പരമ്പരാഗത വിവാഹ സംസ്കാരത്തെ മുഴുവൻ സംശയനിഴലിൽ നിർത്തുന്നത് ശരിയല്ല. കുടിയേറ്റ തട്ടിപ്പുകളും സാംസ്കാരികമായ വിവാഹരീതികളും വേർതിരിച്ചറിയാൻ കനേഡിയൻ ഇമിഗ്രേഷൻ അധികൃതർ തയ്യാറാകണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
READ MORE : താൽക്കാലിക വിസ പ്രോസസിങ് സമയപരിധി പുതുക്കി IRCC: അപേക്ഷകർ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇതാ
ഈ പശ്ചാത്തലത്തിൽ, ഇമിഗ്രേഷൻ തട്ടിപ്പുകൾ പൂർണ്ണമായും തടയുന്നതിനായി കനേഡിയൻ സർക്കാർ പുതിയതും കർശനവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ചതോടെ, ഇന്ത്യയിൽ നിന്നുള്ള സ്റ്റഡി പെർമിറ്റ് അപേക്ഷകരുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാനഡയിലെ ഈ പുതിയ നിയമമാറ്റങ്ങൾ ഉന്നതപഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കിടയിലും, നിലവിൽ അവിടെയുള്ളവർക്കിടയിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





