ഹരാരെ: സിംബാബ്വെയിലെ കരിബ തടാകത്തിലുണ്ടായ ദാരുണമായ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 72 ആയി ഉയർന്നു. ശനിയാഴ്ച തിരച്ചിലിൽ 26 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ കുത്തനെ ഉയർന്നത്. ബോട്ടിലുണ്ടായിരുന്ന 59-കാരനായ ക്യാപ്റ്റൻ സൈൻ പത്സികാഡോവയും ദുരന്തത്തിൽ കൊല്ലപ്പെട്ടു. 90 പേർക്ക് മാത്രം സഞ്ചരിക്കാവുന്ന ബോട്ടിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് വലിയ അപകടത്തിന് വഴിവെച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച കരിബ തുറമുഖത്തുനിന്ന് 153 യാത്രക്കാരുമായി പുറപ്പെട്ട ബോട്ടാണ് കാറ്റിലും ശക്തമായ തിരമാലയിലും പെട്ട് തടാകത്തിൽ മറിഞ്ഞത്. കനത്ത കാറ്റും ശക്തമായ അടിയൊഴുക്കും കാരണം ബോട്ട് കരയിലേക്ക് തിരിച്ചുവിടാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഓപ്പറേറ്റർമാർ യാത്ര തുടരുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. അപകടത്തിന് തൊട്ടുപിന്നാലെ 77 പേരെ രക്ഷപ്പെടുത്തി സമീപത്തെ ദ്വീപിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് കരിബ ടൗണിലെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 18 കുട്ടികളുമുണ്ട്. ഇതിൽ 16 പേരും പത്ത് വയസ്സിന് താഴെയുള്ളവരാണ്.
പോലീസ് ഡൈവർമാരും സൈന്യവും പ്രാദേശിക മീൻപിടുത്തക്കാരും ചേർന്നാണ് തടാകത്തിൽ തിരച്ചിൽ നടത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഇത് മാറിയതോടെ സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ബാധിത കുടുംബങ്ങൾക്ക് സഹായം എത്തിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ഹരാരെയിൽ നിന്ന് 300 കിലോമീറ്ററിലധികം അകലെ സാംബിയൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന കരിബ തടാകത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിനും യാത്രാവശ്യങ്ങൾക്കുമായി പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ ബോട്ടിനെയായിരുന്നു.
Zimbabwe boat disaster: Death toll rises to 72; search continues
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




