ഒന്റാറിയോ: ഒന്റാറിയോയിൽ അതിവേഗ വാഹനങ്ങൾ മാത്രം പായുന്ന എക്‌സ്പ്രസ്‌വേയിലൂടെ ഇ-സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കിച്ചണറിലെ കോണസ്റ്റോഗ എക്‌സ്പ്രസ്‌വേയിൽ നിന്നുള്ള ഈ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട വാട്ടർലൂ റീജിയണൽ പൊലീസ്, ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ വൻ അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. ഡ്രൈവിങ്ങിനിടയിൽ ഉണ്ടാകുന്ന ചെറിയൊരു പിഴവുപോലും വൻ ദുരന്തത്തിൽ കലാശിച്ചേക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു വാഹനത്തിന്റെ ഡാഷ്‌ബോർഡ് ക്യാമറയിലാണ് അപകടകരമായ ഈ യാത്രയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. നാലുവരി പാതയിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ, ഇ-സ്‌കൂട്ടർ യാത്രക്കാരൻ യാതൊരു സുരക്ഷയുമില്ലാതെ റോഡിലെ രണ്ട് ലെയ്‌നുകൾ മുറിച്ചുകടക്കുന്നത് വീഡിയോയിൽ കാണാം. കാനഡയിലെ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന ഇത്തരം യാത്രകൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് പൊലീസ് ദൃശ്യങ്ങൾ പങ്കുവെച്ചത്.
ഒന്റാറിയോ പ്രവിശ്യയെ ഗതാഗത നിയമപ്രകാരം ഇ-സ്‌കൂട്ടറുകൾക്ക് മണിക്കൂറിൽ പരമാവധി 24 കിലോമീറ്റർ വേഗത മാത്രമേ അനുവാദമുള്ളൂ. കൂടാതെ, പ്രധാന ഹൈവേകളിലോ എക്‌സ്പ്രസ്‌വേകളിലോ ഇവ ഓടിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുമുണ്ട്. അതിവേഗത്തിൽ വാഹനങ്ങൾ പായുന്ന പാതകളിൽ ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യാനോ മറ്റ് തടസ്സങ്ങൾ ഒഴിവാക്കാനോ സാധിക്കില്ലെന്നും ഇത് ജീവന് തന്നെ ഭീഷണിയാണെന്നും പൊലീസ് ഓർമ്മിപ്പിച്ചു.
സംഭവത്തിൽ ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കാനഡയിൽ ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്ന കുട്ടികളിലും കൗമാരക്കാരിലും അപകടങ്ങൾ വർധിച്ചുവരുന്നതായി കനേഡിയൻ പീഡിയാട്രിക് സൊസൈറ്റിയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ടൊറന്റോയിലെ സിക്ക്-കിഡ്‌സ് ആശുപത്രിയിൽ മാത്രം ഇ-സ്‌കൂട്ടർ അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 2023-ലെ 26-ൽ നിന്ന് 2025 ആയപ്പോഴേക്കും 107 ആയി ഉയർന്നു. അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗം പേരും ഹെൽമറ്റ് ധരിക്കാറില്ലെന്ന് അടിയന്തര വിഭാഗം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
കാനഡയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം സംബന്ധിച്ച് സ്വന്തമായി തീരുമാനമെടുക്കാൻ ഒന്റാറിയോ സർക്കാർ 2020 ജനവരി 1 മുതൽ 2029 നവംബർ 27 വരെ പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. നിയമപ്രകാരം ഇ-സ്‌കൂട്ടർ ഓടിക്കുന്നവർക്ക് കുറഞ്ഞത് 16 വയസ്സ് പ്രായമുണ്ടായിരിക്കണം, നിർബന്ധമായും ഹെൽമറ്റ് ധരിക്കണം, നിന്നുമാത്രമേ യാത്ര ചെയ്യാവൂ. യാത്രക്കാരെയോ മറ്റ് സാധനങ്ങളോ കയറ്റാൻ പാടില്ല. ഹൈവേ ട്രാഫിക് ആക്ട് ലംഘിക്കുന്നവർക്ക് 250 ഡോളർ മുതൽ 2500 ഡോളർ വരെ (ഏകദേശം 15,000 മുതൽ 1,50,000 രൂപ വരെ) പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
Young man rides e-scooter on expressway; Ontario police issue warning, footage goes viral
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




