ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിലെ സാമൂഹിക ക്ഷേമ പദ്ധതികളിൽ സർക്കാർ വൻ അഴിച്ചുപണി നടപ്പിലാക്കി. ഓഗസ്റ്റ് 13 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, കാനഡയിൽ നിയമപരമായ രേഖകളില്ലാതെ താമസിക്കുന്നവർക്കും സ്റ്റഡി പെർമിറ്റ്, വർക്ക് പെർമിറ്റ്, വിസിറ്റർ വിസ തുടങ്ങിയ താത്കാലിക വിസകളിൽ എത്തിയവർക്കും ഇനി ഒന്റാറിയോ സർക്കാറിന്റെ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കില്ല. ഒന്റാറിയോ ഗവൺമെന്റിന്റെ പ്രധാന ക്ഷേമ പദ്ധതികളായ ‘ഒന്റാറിയോ വർക്ക്സ്’, ‘ഒന്റാറിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം’ എന്നിവയ്ക്കാണ് ഈ പുതിയ കടുത്ത നിയന്ത്രണങ്ങൾ ബാധകമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ സോഷ്യൽ ബെനിഫിറ്റ്സ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഒരു വിധി വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതാണ് ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. 1997-ൽ താത്കാലിക വർക്ക് വിസയിൽ കാനഡയിലെത്തുകയും 2001-ൽ വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടരുകയും ചെയ്ത ഒരു വിദേശ പൗരന് ഒന്റാറിയോ വർക്ക്സ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് ട്രിബ്യൂണൽ വിധിക്കുകയുണ്ടായി. മുൻപുള്ള നിയമത്തിൽ നിയമപരമായ സ്റ്റാറ്റസ് വേണം എന്ന് വ്യക്തമായി പറയാത്തതായിരുന്നു ഇതിന് ട്രിബ്യൂണൽ നൽകിയ വിശദീകരണം. ഇതേത്തുടർന്ന്, നിയമത്തിലെ ഈ വിടവ് ഉടൻ തന്നെ അടയ്ക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിക്കുകയും മന്ത്രി മൈക്കൽ പാർസ പുതിയ ഭേദഗതി ഉടനടി നടപ്പിലാക്കുകയുമായിരുന്നു.
പുതിയ നിയമമനുസരിച്ച് വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ്, ടൂറിസ്റ്റ് അല്ലെങ്കിൽ വിസിറ്റർ വിസ എന്നിവയിലുള്ളവർക്ക് ഇനി ഈ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാനാകില്ല. അപേക്ഷകർ തങ്ങളുടെ കനേഡിയൻ പൗരത്വമോ പെർമനന്റ് റെസിഡൻസിയോ തെളിയിക്കുന്ന രേഖകൾ ഇനി നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്. അതേസമയം, കാനഡയിലെ സ്ഥിരതാമസക്കാർക്കും പൗരന്മാർക്കും തടസ്സമില്ലാതെ തുടർന്നും ആനുകൂല്യങ്ങൾ ലഭിക്കും.
തൊഴിലില്ലാത്തവർക്കുള്ള താത്കാലിക ആശ്വാസ പദ്ധതിയായ ഒന്റാറിയോ വർക്ക്സ് വഴി വ്യക്തിഗതമായി പ്രതിമാസം പരമാവധി 733 കനേഡിയൻ ഡോളറാണ് ലഭിക്കുന്നത്. ഭിന്നശേഷിക്കാർക്കുള്ള ദീർഘകാല സഹായ പദ്ധതിയായ ഒന്റാറിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം വഴി നിലവിൽ പ്രതിമാസം പരമാവധി 1,436 ഡോളർ വരെയും സഹായം ലഭിക്കുന്നുണ്ട്. വ്യാജരേഖകൾ ചമച്ചോ അല്ലാതെയോ അനധികൃതമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെക്കുറിച്ച് വിവരങ്ങൾ നൽകാൻ സർക്കാർ പ്രത്യേക ഫോൺ നമ്പറും (1-800-394-7867) വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, നിലവിൽ താത്കാലിക വിസയിലുള്ളവർ തങ്ങളുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് സംബന്ധിച്ച് വിദഗ്ദ്ധ നിയമോപദേശം തേടാനും അധികൃതർ നിർദ്ദേശിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





