റെജൈന: കനേഡിയൻ മലയാളി കായികപ്രേമികൾ കാത്തിരിക്കുന്ന അഞ്ചാമത് ‘Tamarind Regina North- RMA എവർ റോളിങ് ട്രോഫി’ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 15 ശനിയാഴ്ച നടക്കും. റെജൈന മലയാളി അസോസിയേഷന്റെ (RMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങൾക്ക് റെജൈനയിലെ ഷാർപ്പ് ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകും. ശനിയാഴ്ച രാവിലെ 7:30 മുതൽ മത്സരങ്ങൾ ആരംഭിക്കും.
കാനഡയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള പ്രമുഖരായ 8 മലയാളി ക്രിക്കറ്റ് ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ആതിഥേയരായ റെജൈനയിൽ നിന്ന് ഹാൻബിഡ്ജ് യുണൈറ്റഡ് റെജൈന, വൈകിങ്സ് റെജൈന, തീപ്പൊരി ക്രിക്കറ്റ് ക്ലബ് എന്നീ മൂന്ന് ടീമുകൾ അങ്കത്തട്ടിലിറങ്ങും. കൂടാതെ എഡ്മണ്ടനിൽ നിന്ന് മലബാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, സസ്കറ്റൂണിൽ നിന്ന് ഗോഡ്സ് ഓൺ XI, ആഷസ് XI, നോർത്ത് ബാറ്റൽഫോഡിൽ നിന്ന് സ്ട്രൈക്കർസ്, മെഡിസിൻ ഹാറ്റിൽ നിന്ന് കോബ്രാസ് എന്നീ ടീമുകളും കിരീടപോരാട്ടത്തിൽ ഏറ്റുമുട്ടും.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ വിജയികളാകുന്ന ടീമിന് RMA എവർ റോളിംഗ് ട്രോഫിയും 1250 ഡോളർ കാഷ് പ്രൈസും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 750 ഡോളറാണ് സമ്മാനത്തുക. വ്യക്തിഗത മികവുകൾ പുലർത്തുന്ന താരങ്ങൾക്കായി ആകർഷകമായ അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മാൻ ഓഫ് ദി ടൂർണമെന്റ് നേടുന്ന കളിക്കാരന് 250 ഡോളർ സമ്മാനമായി ലഭിക്കും. ടൂർണമെന്റിലെ മികച്ച ബോളർക്കും മികച്ച ബാറ്റർക്കും പ്രത്യേക പുരസ്കാരങ്ങളും വിതരണം ചെയ്യും.

കഴിഞ്ഞ തവണത്തെ ടൂർണമെന്റിൽ മെഡിസിൻ ഹാറ്റ് കോബ്രാസായിരുന്നു വിജയകിരീടം ചൂടിയത്. ഹാൻബിഡ്ജ് യുണൈറ്റഡ് റെജൈന റണ്ണേഴ്‌സ് അപ്പ് ആയി. റെജൈനയിലെയും സമീപപ്രദേശങ്ങളിലെയും കായികപ്രേമികളായ മുഴുവൻ മലയാളികളെയും മത്സരങ്ങൾ കാണുന്നതിനും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘാടകർ ഷാർപ് പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നു.
Malayali Cricket Extravaganza Kicks Off: 5th RMA Ever-Rolling Trophy in Regina on August 15
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





