വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ തടിമില്ലുകൾ ഒന്നൊന്നായി അടച്ചുപൂട്ടുന്നത് ആയിരക്കണക്കിന് തൊഴിലുകൾ നഷ്ടമാക്കുന്നതിനൊപ്പം പ്രവിശ്യയുടെ വനസംരക്ഷണ പ്രവർത്തനങ്ങളെയും ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മില്ലുകൾ പ്രവർത്തനരഹിതമാകുന്നതോടെ കാടുകളിൽ നിന്ന് നീക്കം ചെയ്യേണ്ട മരക്കഷണങ്ങൾ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാതാകുകയും, അവ കാട്ടുതീയ്ക്ക് ഇന്ധനമായി മാറാനുള്ള സാധ്യത വർധിക്കുകയുമാണെന്നാണ് വിലയിരുത്തൽ.
ജൂലൈയിൽ പ്രിൻസ് ജോർജിലുള്ള പൾപ്പ് മിൽ അടച്ചുപൂട്ടുമെന്ന് കാൻഫോർ (Canfor) പ്രഖ്യാപിച്ചതോടെ 2023 മുതൽ ബി.സി.യിൽ സ്ഥിരമായോ അനിശ്ചിതകാലത്തേക്കോ അടച്ചുപൂട്ടിയ തടിമില്ലുകകളുടെ എണ്ണം 20-ൽ അധികമായി. ഇതോടെ വനവ്യവസായ മേഖലയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടമായത്. വെസ്റ്റേൺ ഫോറസ്ട്രി കോൺട്രാക്ടേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ ബെറ്റ്സിന്റെ അഭിപ്രായത്തിൽ, ഇത് ഒറ്റ മില്ലിന്റെ പ്രശ്നമല്ല; പ്രവിശ്യയുടെ മുഴുവൻ വനവ്യവസ്ഥയെയും ബാധിക്കുന്ന വലിയ പ്രതിസന്ധിയുടെ തുടക്കമായിട്ടാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ബ്രിങ്ക്മാൻ റീഫോറസ്റ്റേഷൻ സിഇഒയും വെസ്റ്റേൺ ഫോറസ്ട്രി കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ടിമോ ഷൈബർ പറയുന്നതനുസരിച്ച്, ബി.സി.യിലെ പുനർവനീകരണ പദ്ധതികളുടെ വലിയൊരു ഭാഗവും മരംവെട്ടലിൽ നിന്നുള്ള വരുമാനമാണ് ആശ്രയിക്കുന്നത്. മരം സംസ്കരിക്കാൻ ആവശ്യമായ മില്ലുകൾ ഇല്ലാത്തതിനാൽ മരംവെട്ടൽ കുറയുകയും അതോടെ വനപുനരുദ്ധാരണത്തിനുള്ള ഫണ്ടിംഗും ചുരുങ്ങുകയും ചെയ്യുന്നു. കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെക്കാലം മലനിരകളിലെ പൈൻ ബീറ്റിൽ ആക്രമണം മൂലം നശിച്ച വനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് വ്യവസായം ഈ തിരിച്ചടി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.സി.യിൽ 2031 വരെ നീളുന്ന നിരവധി പുനർവനീകരണ പദ്ധതികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. 2021-ലെ ലിറ്റൺ കാട്ടുതീ ഉൾപ്പെടെ പ്രകൃതിദുരന്തങ്ങളിൽ നശിച്ച പ്രദേശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ലക്ഷക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതികൾ തുടരുന്നു. പ്രവിശ്യാ സർക്കാരും 2027 വരെ കാട്ടുതീ ബാധിത മേഖലകളിൽ 67.7 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് പ്രതിജ്ഞാബദ്ധമാണ്.
Setback for forest conservation; sawmills in BC facing closure.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





