വിന്നിപെഗ്: മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന് അവശനിലയിലായ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച മധ്യവയസ്‌കന് കുത്തേറ്റു. ചൊവ്വാഴ്ച രാത്രി 9:15-ഓടെ വിന്നിപെഗിലെ ജൂബിലി അവന്യൂ, ഓസ്‌ബോൺ സ്ട്രീറ്റ് കവലയ്ക്ക് സമീപമാണ് സംഭവം. അക്രമത്തിന് ഇരയായ 51-കാരനെയും ലഹരിബാധിതയായ യുവതിയെയും ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയുടെ അടുത്തെത്തിയ 51-കാരനെ, യുവതിയുടെ പരിചയക്കാരനായ മറ്റൊരു വ്യക്തി തടഞ്ഞുനിർത്തുകയും കയ്യിലിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ രാത്രി 11 മണിയോടെ ബ്രാൻഡൻ അവന്യൂവിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച 31-കാരനായ പ്രതിയെ പോലീസ് പിന്തുടർന്ന് കീഴടക്കുകയായിരുന്നു.
പ്രതിയുടെ പക്കൽ നിന്ന് അക്രമത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് കത്തികൾ പോലീസ് കണ്ടെടുത്തു. വധശ്രമം, മാരകായുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് വിന്നിപെഗ് പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Man stabbed while trying to save a young woman who had overdosed on drugs; one arrested in Winnipeg.






