ടൊറന്റോ: ഓൺലൈൻ ഗ്രോസറി വിൽപ്പനയിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ വിശകലനം ചെയ്ത് ഉയർന്ന വില ഈടാക്കുന്ന ‘സർവൈലൻസ് പ്രൈസിംഗ്’ (Surveillance Pricing) രീതി നിരോധിക്കാൻ ടൊറന്റോ നഗരസഭ നടപടികൾ ആരംഭിച്ചു. മേയർ ഒലിവിയ ചൗവും കൗൺസിലർ അലജാൻഡ്ര ബ്രാവോയും ചേർന്നാണ് ഇതുസംബന്ധിച്ച പ്രമേയം എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങളും വാങ്ങൽ ശേഷിയും വിശകലനം ചെയ്ത് നിർമ്മിത ബുദ്ധി വഴി ആളുകൾക്കനുസരിച്ച് വില മാറ്റുന്ന ഈ സംവിധാനം വലിയ ചൂഷണമാണെന്ന് നഗരസഭ വിലയിരുത്തുന്നു.
ആരാണ് ഉൽപ്പന്നങ്ങൾ തിരയുന്നത്, ഏത് സമയത്താണ് വാങ്ങുന്നത് എന്നതിനെ ആശ്രയിച്ചാണ് ഓരോ വ്യക്തിക്കും വ്യത്യസ്ത വില നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്, കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾക്ക് ഉയർന്ന വില കാണിക്കുന്ന രീതി റീട്ടെയിലർമാർക്ക് ഇതിലൂടെ നടപ്പിലാക്കാൻ കഴിയും. വ്യാപാരികൾ തങ്ങളെ ലക്ഷ്യമിട്ട് ഉയർന്ന വില ഈടാക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾ അറിയുന്നില്ലെന്നതാണ് ഇതിന്റെ പ്രധാന പശ്ചാത്തലം. ഇത്തരം വില ചൂഷണങ്ങൾ അവസാനിപ്പിക്കാൻ എല്ലാ നിയമപരമായ മാർഗങ്ങളും ഉപയോഗിക്കുമെന്ന് മേയർ വ്യക്തമാക്കി.
നേരത്തെ കഴിഞ്ഞ മാർച്ചിൽ മാനിറ്റോബ സർക്കാരും ഇത്തരം വ്യാപാരി രീതികൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാനഡയിലെ പ്രമുഖ നഗരമായ ടൊറന്റോയും ഈ വിഷയത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. പ്രമേയത്തിന് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ, ഓൺലൈൻ വിപണിയിലെ സർവൈലൻസ് പ്രൈസിംഗ് തടയാനുള്ള പുതിയ നിയമ നിർമ്മാണത്തിലേക്ക് നഗരസഭ കടക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Toronto follows Manitoba: Province to ban ‘surveillance pricing’ in grocery sales.






