അങ്കാറ: തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മാർക്ക് കാർണിയും നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറെയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഫുട്ബോളും ചർച്ചാവിഷയമായി. ഔദ്യോഗിക ചർച്ചകൾക്കിടെ നോർവേയുടെ സൂപ്പർതാരം എർലിങ് ഹാലണ്ടിനെ അടുത്ത ലോകകപ്പിൽ കാനഡയ്ക്കായി “പങ്കിടാമോ” എന്ന കാർണിയുടെ തമാശ നിറഞ്ഞ അഭ്യർഥന ശ്രദ്ധനേടി. ഇതിന് “ഹാലണ്ട് വിൽപ്പനയ്ക്കില്ല” എന്നായിരുന്നു സ്റ്റോരെയുടെ മറുപടി.
ചൊവ്വാഴ്ച അങ്കാറയിൽ നടന്ന ഉച്ചകോടിയുടെ ഭാഗമായി സ്റ്റോരെയെയും ജർമൻ ചാൻസലർ ഫ്രിഡ്‌റിച്ച് മെർസിനെയും കാർണി കണ്ടുമുട്ടി. ഒരു ദിവസം മുൻപ് ജർമൻ-നോർവീജിയൻ പങ്കാളിത്തവുമായി കാനഡ അന്തർവാഹിനി പദ്ധതിയിൽ ധാരണയിലെത്തിയതിന് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച. കാനഡയും നോർവേയും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതിനിടെയാണ് കാർണി ഫുട്ബോളിലേക്കും സംഭാഷണം വഴിതിരിച്ചത്.
“സഹകരണം എന്നത് ജീവനക്കാരെ പങ്കിടുന്നതും ഉൾപ്പെടുന്നതാണ്. അടുത്ത ലോകകപ്പിൽ എർലിങ് ഹാലണ്ടിനെ ഞങ്ങളുമായി പങ്കുവെക്കാൻ കഴിഞ്ഞാൽ അതിന് വളരെ നന്ദിയുണ്ടാകും,” എന്നായിരുന്നു കാർണിയുടെ പരാമർശം. ഇതോടെ വേദിയിൽ ചിരിയുണർന്നു. ഉടൻ തന്നെ വൈക്കിങ് തുഴയൽ ആംഗ്യം കാട്ടിയ സ്റ്റോരെ, “അദ്ദേഹം വിൽപ്പനയ്ക്കില്ല” എന്ന് മറുപടി നൽകി.
അതേസമയം, ലോകകപ്പിൽ നോർവേ മികച്ച മുന്നേറ്റം തുടരുകയാണ്. പ്രീക്വാർട്ടറിൽ ബ്രസീലിനെ അട്ടിമറിച്ച നോർവേ ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. മറുവശത്ത്, സഹ ആതിഥേയരായ കാനഡ കഴിഞ്ഞ ആഴ്ച ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും, ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റും ആദ്യ ജയവും ആദ്യ നോക്കൗട്ട് വിജയവും സ്വന്തമാക്കിയ പ്രകടനത്തോടെയാണ് മടക്കയാത്ര നടത്തിയത്. നാറ്റോ ഉച്ചകോടിക്കിടയിലെ കാർണിയുടെയും സ്റ്റോരെയുടെയും ഈ ഹൃദ്യമായ സംഭാഷണം രാഷ്ട്രീയ വേദിയിലും ഫുട്ബോളിനുള്ള ആവേശം വീണ്ടും ചർച്ചയാക്കി
"Can you give us Holland?" — Carney's amusing request at the NATO forum.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






