മോൺട്രിയൽ: ക്യുബെക്കിൽ വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലോടുക്കൂടിയ മഴയെത്തുടർന്ന് 35,000-ത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തകർന്നതാണ് ഇതിന് കാരണം. വ്യാഴാഴ്ച രാത്രിയോടെ ഒരു ലക്ഷത്തോളം ആളുകൾക്ക് വൈദ്യുതി നിലച്ചിരുന്നു. ലോറൻഷ്യൻസ്, ലാനോഡിയർ, ലാവൽ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മഴയ്ക്ക് പിന്നാലെ കടുത്ത ചൂടും കൂടിയായതോടെ ജനങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്.
തകരാറിലായ ലൈനുകൾ വേഗത്തിൽ നന്നാക്കി വൈദ്യുതി തിരികെ എത്തിക്കാൻ ജീവനക്കാർ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് വൈദ്യുതി കമ്പനിയായ ഹൈഡ്രോ-ക്യുബെക് അറിയിച്ചു. പലയിടങ്ങളിലും കമ്പികൾ പൊട്ടിവീണു കിടക്കാൻ സാധ്യതയുള്ളതിനാൽ ആരും അതിൽ തൊടരുതെന്നും, അപകടം കണ്ടാൽ ഉടൻ 911 എന്ന നമ്പറിൽ വിളിച്ചു പറയണമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിൽ വലിയ മരങ്ങൾ പിളർന്ന് വീടുകൾക്ക് മുകളിലേക്കും സ്വിമ്മിംഗ് പൂളുകളിലേക്കും വീണതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പ്രദേശത്തെ കടുത്ത ചൂട് വെള്ളിയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണ താപനില 30 ഡിഗ്രി ആണെങ്കിലും, അന്തരീക്ഷത്തിലെ ഈർപ്പം കാരണം പുറത്തിറങ്ങുമ്പോൾ 40 ഡിഗ്രിക്ക് മുകളിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് കൂടിയ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി മോൺട്രിയൽ നഗരത്തിലെ പൊതു നീന്തൽക്കുളങ്ങൾ കൂടുതൽ സമയം തുറന്നുപ്രവർത്തിക്കാൻ നഗരസഭ തീരുമാനിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്നവർക്കും വഴിഅരികിൽ കഴിയുന്നവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി മേയർ അറിയിച്ചു. ശനിയാഴ്ചയോടെ ചൂടിന് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Montreal hit by storm damage and heat; over 50,000 homes without power; city authorities initiate relief measures.






