ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ മിഷൻ നഗരത്തിൽ കുട്ടികളെ ലക്ഷ്യമിട്ട് വെബ്‌സൈറ്റ് വഴി ഓൺലൈനായി മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഈ ഓൺലൈൻ ഡെലിവറി ബിസിനസിലൂടെ ഓർഡർ ചെയ്യുന്ന അതേ ദിവസം തന്നെ മയക്കുമരുന്ന് കുട്ടികളുടെ കൈകളിൽ എത്തിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഒരു പതിനാറുകാരനും മാതാപിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വൻ മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.
വെബ്‌സൈറ്റ് വഴി തങ്ങളുടെ കുട്ടി കഞ്ചാവും മാജിക് മഷ്‌റൂമും വാങ്ങിയതായി മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ആഴ്ചകൾക്ക് ശേഷം മറ്റൊരു രക്ഷിതാവും സമാനമായ പരാതിയുമായി പോലീസിനെ സമീപിച്ചു. തുടർന്ന് മിഷൻ ആർ.സി.എം.പി (RCMP) പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അബോട്ട്‌സ്‌ഫോർഡിലെ രണ്ട് കേന്ദ്രങ്ങളിലേക്ക് അന്വേഷണം നീണ്ടത്. കഴിഞ്ഞ മെയ് 20-ന് ഈ കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ ശക്തമായ റെയ്‌ഡിൽ ആയിരക്കണക്കിന് മയക്കുമരുന്ന് പാക്കറ്റുകളും ചോക്ലേറ്റ് രൂപത്തിലുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു.
കേസുമായി ബന്ധപ്പെട്ട് 49-ഉം 34-ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയും 42 വയസ്സുള്ള ഒരു സ്ത്രീയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇവരെ താൽക്കാലികമായി വിട്ടയച്ചിരിക്കുകയാണ്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും, പ്രായപൂർത്തിയാകാത്ത കുട്ടികളെ നേരിട്ട് ലക്ഷ്യമിട്ടാണ് ഇവർ ബിസിനസ്സ് നടത്തിയിരുന്നതെന്നും പോലീസ് വ്യക്തമാക്കി. കുട്ടികൾക്ക് മയക്കുമരുന്ന് വിൽക്കുന്ന ഇത്തരം സംഘങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Drugs seized from B.C. online delivery operation allegedly selling to kids
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





