ടൊറന്റോ: സിനിമാക്കഥകളെ പോലും വെല്ലുന്ന തരത്തിൽ വ്യാജ ലൈസൻസ് ഉപയോഗിച്ച് വർഷങ്ങളോളം വിമാനം പറത്തിയ മുൻ പൈലറ്റിനെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. എയർ കാനഡയിലെ മുൻ ക്യാപ്റ്റനായ ജെഫ്രി വാൾ എന്ന 59-കാരനാണ് ഒടുവിൽ പോലീസിന്റെ പിടിയിലായത്. ഏതാണ്ട് 17 വർഷത്തോളമാണ് ഇയാൾ മതിയായ യോഗ്യതകളില്ലാതെ, വ്യാജ രേഖകൾ ചമച്ച് വൻകിട യാത്രാവിമാനങ്ങൾ പറത്തിയത്.

1998-ൽ എയർ കാനഡയിൽ ഫസ്റ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച ജെഫ്രി വാൾ, 2009-ലാണ് ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. ബോയിംഗ് 767, 777, 787 തുടങ്ങിയ കൂറ്റൻ യാത്രാവിമാനങ്ങൾ പറത്താൻ ആവശ്യമായ ഉയർന്ന തലത്തിലുള്ള ‘എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ്’ ഇയാൾക്ക് ഉണ്ടായിരുന്നില്ല. എന്നാൽ വ്യാജ രേഖകൾ ഉണ്ടാക്കി അധികൃതരെ പറ്റിച്ച ഇയാൾ 900 ആഭ്യന്തര-അന്തർദേശീയ സർവീസുകളാണ് ക്യാപ്റ്റൻ എന്ന നിലയിൽ നടത്തിയത്. ലക്ഷക്കണക്കിന് യാത്രക്കാരുടെ ജീവനാണ് ഇക്കാലയളവിൽ ഇയാളുടെ കൈകളിൽ ഇരുന്നത്. ഇത്രയും കാലത്തെ സർവീസിലൂടെ കോടിക്കണക്കിന് രൂപയാണ് ഇയാൾ ശമ്പളമായി കൈപ്പറ്റിയത്.
2025 മാർച്ചിൽ ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പതിവ് പരിശോധനയ്ക്കിടയിലാണ് ഇയാളുടെ ലൈസൻസ് രേഖകളിൽ ചില പൊരുത്തക്കേടുകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. ഇതേത്തുടർന്ന് ‘ട്രാൻസ്പോർട്ട് കാനഡ’ അന്വേഷണം ആരംഭിക്കുകയും, ഇയാൾ ജോലിയിൽ നിന്നും നേരത്തെ വിരമിക്കുകയും ചെയ്തു. പിന്നീട് 2026 ജനുവരിയിലാണ് കാനഡയിലെ പീൽ റീജിയണൽ പോലീസ് കേസ് ഏറ്റെടുക്കുന്നതും വിശദമായ അന്വേഷണത്തിനൊടുവിൽ ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുന്നതും. തന്റെ തട്ടിപ്പ് പുറത്തറിയാതിരിക്കാൻ ഇയാൾ മുൻപ് വ്യാജ പോലീസ് പരാതി വരെ നൽകിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒരു ഫാമിലി ഡോക്ടർ മതിയായ യോഗ്യതയില്ലാതെ ബ്രെയിൻ സർജറി നടത്തുന്നതുപോലെയാണ് ഈ സംഭവമെന്ന് പീൽ പോലീസ് ഡെപ്യൂട്ടി ചീഫ് നിക് മിലോനോവിച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ലൈസൻസുകൾ നൽകുന്നതെന്നും അതിൽ തട്ടിപ്പ് കാണിക്കുന്നത് വൻ സുരക്ഷാവീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഉണ്ടായിരുന്നില്ലെന്നാണ് എയർ കാനഡയുടെ വിശദീകരണം. ഇയാൾക്ക് അടിസ്ഥാന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉണ്ടായിരുന്നെന്നും, കൃത്യമായ ഇടവേളകളിൽ നടക്കുന്ന കഠിനമായ പരിശീലനങ്ങളിലും ഫ്ലൈറ്റ് ടെസ്റ്റുകളിലും ഇയാൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നതായും എയർലൈൻ അധികൃതർ അറിയിച്ചു. ഉയർന്ന റാങ്കിലുള്ള ലൈസൻസ് പരീക്ഷകൾ മാത്രമാണ് ഇയാൾ എഴുതാതിരുന്നത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, പൊതുജനങ്ങളെ വഴിതെറ്റിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് നിലവിൽ ജെഫ്രി വാളിനെതിരെ ചുമത്തിയിരിക്കുന്നത്. ജൂൺ 29-ന് ഇയാളെ കോടതിയിൽ ഹാജരാക്കും.
Former Air Canada pilot arrested after allegedly flying with fake licence
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









