ഹാലിഫാക്സ്: നോവ സ്കോഷ്യയിൽ ടൂറിസം മേഖലയിൽ വൻ ഉണർവുണ്ടാകുമ്പോഴും പ്രവിശ്യയിലെ റെസ്റ്റോറന്റ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. കുതിച്ചുയരുന്ന ഭക്ഷ്യോത്പന്ന വില, വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവ്, ഉപഭോക്താക്കളുടെ മാറിയ ചെലവിടൽ ശീലങ്ങൾ എന്നിവയാണ് റെസ്റ്റോറന്റ് ഉടമകളുടെ ലാഭവിഹിതം കുത്തനെ കുറയ്ക്കുന്നത്. പ്രതിസന്ധി താങ്ങാനാവാതെ പ്രവിശ്യയിലെ പല പ്രമുഖ റെസ്റ്റോറന്റുകളും ഇതിനകം തന്നെ പൂട്ടുകയോ മെനുവിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭക്ഷ്യോത്പന്നങ്ങളുടെ വിലയിൽ മാത്രം 20 മുതൽ 25 ശതമാനം വരെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റെസ്റ്റോറന്റ്സ് അസോസിയേഷൻ ഓഫ് നോവ സ്കോഷ്യ വ്യക്തമാക്കുന്നു. ഇതിനുപുറമെ തൊഴിലാളികളുടെ ശമ്പളം, വാടക, ഇൻഷുറൻസ്, അടുക്കള ഉപകരണങ്ങളുടെ വില എന്നിവയും വൻതോതിൽ വർദ്ധിച്ചു. എന്നാൽ, ജീവിതച്ചെലവ് വർദ്ധിച്ച് ബുദ്ധിമുട്ടുന്ന ഉപഭോക്താക്കളെ കൂടുതൽ അകറ്റാതിരിക്കാൻ പല റെസ്റ്റോറന്റുകളും വില വർദ്ധിപ്പിക്കാൻ മടിക്കുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റും സി.ഇ.ഒയുമായ നതാഷ ചെസ്റ്റ്നട്ട് പറഞ്ഞു.
കഴിഞ്ഞ വർഷാവസാനത്തോടെ പ്രവിശ്യയിലെ 40 ശതമാനത്തോളം റെസ്റ്റോറന്റുകളും നഷ്ടത്തിലോ ലാഭമില്ലാത്ത അവസ്ഥയിലോ ആണ് പ്രവർത്തിച്ചിരുന്നത്. 2019-ൽ ഇത് വെറും 12 ശതമാനം മാത്രമായിരുന്നു. ശരാശരി 4 ശതമാനം മാത്രം ലാഭമുള്ള ഈ മേഖലയിൽ നിലവിലെ പ്രതിസന്ധി തുടർന്നാൽ ഈ വർഷം കൂടുതൽ സ്ഥാപനങ്ങൾ പൂട്ടേണ്ടി വരുമെന്നാണ് ആശങ്ക. നഗര-ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലാളികളുടെ ക്ഷാമവും വിതരണച്ചെലവും റെസ്റ്റോറന്റ് ഉടമകളെ ഒരുപോലെ വലയ്ക്കുന്നുണ്ട്.
ഭക്ഷ്യവസ്തുക്കളുടെ, പ്രത്യേകിച്ച് ചിക്കൻ, ബീഫ് തുടങ്ങിയ ഇറച്ചി ഉത്പന്നങ്ങളുടെ വിലക്കയറ്റം ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നത് ഏറെ ബുദ്ധിമുട്ടിലാക്കിയെന്ന് ഹാലിഫാക്സിലെ ‘ഹാപ്പി പ്ലേസ് റെസ്റ്റോറന്റ്’ ഉടമ റോൺ ലകോർട്ടെ പറഞ്ഞു. എങ്കിലും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ വില കൂട്ടാതെ നഷ്ടം സഹിച്ചാണ് നിലവിൽ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധികൾ കാരണം ആളുകൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയോ അല്ലെങ്കിൽ മുൻപത്തേക്കാൾ കുറഞ്ഞ തുകയ്ക്ക് ഓർഡർ ചെയ്യുകയോ ആണ് ചെയ്യുന്നത്. പുതിയ റെസ്റ്റോറന്റുകൾ ഇപ്പോഴും തുറക്കുന്നുണ്ടെങ്കിലും, നോവ സ്കോഷ്യയിലെ റെസ്റ്റോറന്റ് മേഖലയ്ക്ക് ഈ വർഷം കടുത്ത വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ.
Rising costs continue to challenge Nova Scotia restaurants despite tourism growth
.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




