ന്യൂഡൽഹി: ജർമ്മനിയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ല. ജൂൺ 2-ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലൂടെയാണ് ന്യൂഡൽഹിയിലെ ജർമൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ, ബുധനാഴ്ച മുതൽ ഈ നിയമം പ്രാബല്യത്തിൽ വരികയായിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിൻ്റെയും യാത്രാനടപടികൾ ലളിതമാക്കുന്നതിൻ്റെയും ഭാഗമായാണ് ജർമൻ സർക്കാരിന്റെ ഈ പുതിയ നടപടി.
ജർമനിയിലെ വിമാനത്താവളങ്ങൾ വഴി ഷെൻഗൻ മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇതുവരെ എയർപോർട്ട് ട്രാൻസിറ്റ് വിസ (Type A) ആവശ്യമായിരുന്നു. പുതിയ ഇളവ് വന്നതോടെ യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്ക് ജർമനി വഴി യാത്ര ചെയ്യുന്ന വിദ്യാർഥികൾ, ബിസിനസുകാർ, പ്രൊഫഷണലുകൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും. യൂറോപ്പിലെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്കെല്ലാം ഈ വിസ ഇളവിന്റെ ആനുകൂല്യം നേരിട്ട് ലഭിക്കും.
ഫ്രാൻസ് സമാനമായ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജർമനിയും പുതിയ തീരുമാനം നടപ്പാക്കിയത്. ഫ്രാൻസ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫ്രഞ്ച് സർക്കാർ പ്രഖ്യാപനം നടത്തിയത്. ഈ നിയമം 2026 ഏപ്രിൽ മുതൽ നിലവിൽ വന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ജർമനിയും എയർപോർട്ട് ട്രാൻസിറ്റ് വിസ ഒഴിവാക്കി ഇന്ത്യൻ യാത്രക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Indian citizens no longer need transit visa to travel through Germany; new law comes into effect






