വാഷിങ്ടൺ: അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച രഹസ്യ തുരങ്കം കണ്ടെത്തി യുഎസ് സുരക്ഷാ ഏജൻസികൾ. രാജ്യാന്തര വിപണിയിൽ 45 മില്യൺ യുഎസ് ഡോളർ (ഏകദേശം 370 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന ആയിരത്തിലധികം കിലോഗ്രാം കൊക്കൈൻ തുരങ്കം വഴി കടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അമേരിക്കൻ സ്വദേശികളും രണ്ട് മെക്സിക്കൻ പൗരന്മാരും ഉൾപ്പെടെ നാല് പേരെ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു.
മെക്സിക്കൻ നഗരമായ തിജുവാനയിൽ നിന്ന് ആരംഭിച്ച് കാലിഫോർണിയയിലെ ഒട്ടേ മെസ അതിർത്തി കവാടത്തിന് സമീപമുള്ള 'ബൈ 4 ലെസ്' (Buy 4 Less) എന്ന വ്യാപാര സ്ഥാപനത്തിലേക്കാണ് ഈ തുരങ്കം ചെന്നെത്തുന്നത്. 1,933 അടി (ഏകദേശം 590 മീറ്റർ) നീളവും 55 അടി ആഴവുമുള്ള തുരങ്കത്തിന് 4.5 അടി ഉയരമുണ്ട്. മാസങ്ങളായി ഈ വ്യാപാര സ്ഥാപനത്തെയും പരിസര പ്രദേശങ്ങളെയും നിരീക്ഷിച്ചുവന്ന യുഎസ് ഫെഡറൽ ഡ്രഗ് ഇൻവെസ്റ്റിഗേഷൻ വിഭാഗം, തുരങ്കത്തിലൂടെ കടത്തിയ ലഹരിമരുന്ന് ട്രക്കുകളിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതികളെ വലയിലാക്കിയത്.
ലഹരിസംഘം നിർമിച്ച ഈ ഭൂഗർഭ പാതയിലെ അത്യാധുനിക സൗകര്യങ്ങൾ കണ്ട് investigation ഉദ്യോഗസ്ഥർ പോലും അമ്പരന്നു. കോൺക്രീറ്റ് പാകിയ തറ, ഉറപ്പുള്ള ചുവരുകൾ, വായുസഞ്ചാരത്തിനുള്ള വെന്റിലേഷൻ സംവിധാനങ്ങൾ, വൈദ്യുതി വിതരണം, ലഹരിമരുന്ന് വേഗത്തിൽ കടത്താനുള്ള റെയിൽ പാത എന്നിവ തുരങ്കത്തിനുള്ളിൽ സജ്ജീകരിച്ചിരുന്നു. വ്യാപാര സ്ഥാപനത്തിനുള്ളിൽ നിന്ന് തുരങ്കത്തിലേക്ക് പ്രവേശിക്കാൻ ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനമാണ് ഉപയോഗിച്ചിരുന്നതെന്ന് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
കുറ്റവാളികൾ അതിർത്തി കടക്കാൻ പുതിയ വഴികൾ തേടുന്നുണ്ടെങ്കിലും അതിനേക്കാൾ ശക്തമാണ് രാജ്യത്തെ സുരക്ഷാ സേനയുടെ ജാഗ്രതയെന്ന് അതിർത്തി രക്ഷാസേനയുടെ സാൻ ഡിയേഗോ സെക്ടർ ചീഫ് പട്രോൾ ഏജന്റ് ജസ്റ്റിൻ ഡി ലാ ടോറെ വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികളുടെ കൃത്യമായ ഏകോപനമാണ് ഈ വൻ വേട്ടയ്ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1993-ന് ശേഷം കാലിഫോർണിയയുടെ തെക്കൻ മേഖലയിൽ മാത്രം ഇതുവരെ തൊണ്ണൂറ്റൊൻപത് ഭൂഗർഭ പാതകളാണ് സുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഇരുപത്തിയെട്ടെണ്ണം അത്യാധുനിക രീതിയിൽ നിർമിച്ചവയായിരുന്നു. ഇതിന് മുൻപ് 2022 ലാണ് ഈ മേഖലയിൽ സജീവമായിരുന്ന ഒരു തുരങ്കം ഒടുവിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
us-finds-huge-drug-tunnel-under-mexico-border
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






