നോവ സ്കോഷ്യ: നോവ സ്കോഷ്യയിലെ ഹാലിഫാക്സിനെ പ്രവിശ്യയിലെ പ്രധാന ഗ്രാമീണ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രാൻസിറ്റ് സംവിധാനം നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നു. ട്രൂറോ, വിൻഡ്സർ, ബ്രിഡ്ജ് വാട്ടർ തുടങ്ങിയ നഗരങ്ങളെ ഹാലിഫാക്സുമായി ബന്ധിപ്പിക്കുന്നതിലൂടെ യാത്രാ സൗകര്യം വർദ്ധിപ്പിക്കുക മാത്രമല്ല, ഇരുപ്രദേശങ്ങളിലെയും സാമ്പത്തിക വളർച്ച ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി താല്പര്യമുള്ള ട്രാൻസിറ്റ് ഓപ്പറേറ്റർമാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ നോവ സ്കോഷ്യ പൊതുമരാമത്ത് വകുപ്പ് ഇതിനോടകം തന്നെ അപേക്ഷകൾ ക്ഷണിച്ചു കഴിഞ്ഞു.
ഹാലിഫാക്സ് പെനിൻസുലയിലെ അമിതമായ വാഹനത്തിരക്ക് കുറയ്ക്കാനാണ് ഈ പദ്ധതിയൂടെ സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ലൈറ്റ് റെയിൽ പോലുള്ള വലിയ പദ്ധതികൾ ഭാവിയിൽ നടപ്പിലാക്കുന്നതിന് മുന്നോടിയായി മതിയായ യാത്രക്കാരെ ഉറപ്പാക്കാൻ ഇത്തരം പ്രാദേശിക ബസ് സർവീസുകൾ സഹായിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഫ്രെഡ് ടില്ലി വ്യക്തമാക്കി. വിശ്വസനീയവും ചിലവ് കുറഞ്ഞതുമായ പൊതുഗതാഗതം യാഥാർത്ഥ്യമാകുന്നതോടെ ജനങ്ങൾക്ക് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനാകും.
ട്രൂറോ നഗരത്തിന് ഈ പദ്ധതി വലിയൊരു മുതൽക്കൂട്ടാകുമെന്ന് മേയർ കാത്തി ഹിന്റൺ അഭിപ്രായപ്പെട്ടു. ഭൂമിശാസ്ത്രപരമായി കേന്ദ്രസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ട്രൂറോയെ സംബന്ധിച്ചിടത്തോളം ഈ പുതിയ കണക്റ്റിവിറ്റി വലിയൊരു മാറ്റത്തിന് വഴിയൊരുക്കും. നിലവിൽ ട്രൂറോയിൽ സ്വന്തമായി പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ, പ്രാദേശിക പഠനങ്ങൾ നടത്തി മുനിസിപ്പാലിറ്റിയുമായി ചേർന്ന് ഒരു ബസ് സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ. ഹാലിഫാക്സിലേക്ക് പോകാൻ നിലവിൽ മാർഗമില്ലാത്ത സാധാരണക്കാർക്ക് പുതിയ പദ്ധതി വലിയ ആശ്വാസമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
താല്പര്യമുള്ള ഗതാഗത കമ്പനികൾക്ക് മെയ് 20 വരെ തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമയമുണ്ട്. പദ്ധതി ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണെങ്കിലും, യാത്രക്കാരുടെ എണ്ണവും പ്രവർത്തന ചിലവും കണക്കാക്കി മികച്ച രീതിയിൽ മുന്നോട്ട് പോകാനാണ് പ്രവിശ്യാ സർക്കാർ ലക്ഷ്യമിടുന്നത്. നോവ സ്കോഷ്യയുടെ ഗതാഗത ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ജനകീയമാക്കുന്നതിനുമുള്ള വലിയൊരു ചുവടുവെപ്പായിട്ടാണ് ഈ നീക്കത്തെ അധികൃതർ കാണുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Truro, N.S., mayor says transit link to Halifax would open doors and economy



