ടെഹ്‌റാൻ: ലോകവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി ഒഴിയുന്നു. ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായി അടുത്ത പത്ത് ദിവസത്തേക്ക് ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ തീരുമാനിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാദ് അരാഗ്ചിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
വെടിനിർത്തൽ കാലയളവിൽ എല്ലാ വാണിജ്യ കപ്പലുകൾക്കും കടലിടുക്കിലൂടെ തടസ്സമില്ലാതെ യാത്ര ചെയ്യാമെന്ന് അദ്ദേഹം എക്സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കി. എന്നാൽ ഇറാന്റെ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക റൂട്ടിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്ന് കർശന നിബന്ധനയുണ്ട്.
ഇറാന്റെ ഈ നീക്കത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുമെന്ന അറിയിപ്പിന് ട്രൂത് സോഷ്യലിലൂടെ ട്രംപ് നന്ദി രേഖപ്പെടുത്തി. എങ്കിലും, യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയുമായി അന്തിമ കരാറിൽ എത്തിയില്ലെങ്കിൽ ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉപരോധം ഇറാന് മാത്രമായി പരിമിതപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം ലഭിക്കുന്നത് ആഗോള എണ്ണ വിപണിക്കും ചരക്ക് നീക്കത്തിനും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Green signal for ships: Iran says Hormuz will remain open during ceasefire period





