റെജീന: മയക്കുമരുന്നിനും മറ്റ് മാരക ലഹരിവസ്തുക്കൾക്കും അടിമപ്പെട്ടവർക്ക് കോടതി ഉത്തരവിലൂടെ നിർബന്ധിത ചികിത്സ നൽകാനുള്ള നീക്കവുമായി സസ്കാച്ചുവൻ സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി പ്രവിശ്യയിലെ ആദ്യത്തെ നിർബന്ധിത ലഹരിവിമോചന കേന്ദ്രം നോർത്ത് ബാറ്റിൽഫോർഡിൽ സ്ഥാപിക്കും. നിലവിൽ പരിഗണനയിലുള്ള ‘കംപാഷണേറ്റ് ഇന്റർവെൻഷൻ ആക്ട്’ (Compassionate Intervention Act) ഈ വസന്തകാലത്ത് പാസാകുന്നതോടെ പദ്ധതിക്ക് നിയമസാധുത ലഭിക്കും.]
ലഹരി ഉപയോഗം മൂലം സ്വന്തം ജീവനോ മറ്റുള്ളവർക്കോ ഭീഷണിയാകുന്ന വ്യക്തികളെ കുടുംബാംഗങ്ങൾക്കോ ഡോക്ടർമാർക്കോ പോലീസിനോ കോടതി മുഖേന നിർബന്ധിത ചികിത്സയ്ക്ക് വിധേയമാക്കാൻ ഈ പുതിയ നിയമം അധികാരം നൽകുന്നുണ്ട്. മാനസികാരോഗ്യ-ലഹരിവിമോചന മേഖലയ്ക്കായി പ്രവിശ്യാ സർക്കാർ അനുവദിച്ച 673.7 മില്യൺ ഡോളറിന്റെ റെക്കോർഡ് ബജറ്റിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്.
സ്വയം തീരുമാനമെടുക്കാൻ കഴിയാത്തവിധം ലഹരിക്ക് അടിമപ്പെട്ടവർക്ക് വിദഗ്ധ മേൽനോട്ടത്തിൽ തീവ്രപരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ലോറി കാർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ നോർത്ത് ബാറ്റിൽഫോർഡിൽ ആരംഭിക്കുന്ന ഈ പദ്ധതി വരും വർഷങ്ങളിൽ പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ 200 പുതിയ റിക്കവറി സ്പേസുകളും പ്രവിശ്യയിലുടനീളം സജ്ജീകരിക്കുന്നുണ്ട്.
അതേസമയം, നിർബന്ധിത ചികിത്സയുടെ ഫലപ്രാപ്തിയെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ചർച്ചകൾ ഉയരുന്നുണ്ട്. അങ്ങേയറ്റം അപകടകരമായ സാഹചര്യങ്ങളിൽ ഇത്തരം നീക്കങ്ങൾ ജീവൻ രക്ഷിക്കാൻ ഉപകരിക്കുമെന്ന് അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, തദ്ദേശീയ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചായിരിക്കണം പദ്ധതി നടപ്പിലാക്കേണ്ടതെന്ന് കമ്മ്യൂണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Forced Addiction Treatment Centres coming to Saskatchewan;



