ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ രണ്ട് വ്യത്യസ്ത മഞ്ഞുമലയിടിച്ചിലുകളിൽ (Avalanche) നാല് പേർ മരിച്ചു. ഞായറാഴ്ച ഉച്ചയോടെ ടെറസിന് സമീപമുള്ള മൗണ്ട് ക്നോസിലുണ്ടായ അപകടത്തിൽ മൂന്ന് ഹെലി സ്കീയർമാരാണ് കൊല്ലപ്പെട്ടത്. ഇറിഡിയം ഷോൾഡർ സ്കീ റണ്ണിൽ സ്കീയിംഗ് നടത്തുകയായിരുന്ന നാലംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു അപകടം ബി.സി – അലാസ്ക അതിർത്തിക്കടുത്തുള്ള അറ്റ്‌ലിനിലാണ് റിപ്പോർട്ട് ചെയ്തത്. പ്ലസന്റ് ക്യാമ്പ് മേഖലയിലുണ്ടായ മഞ്ഞുവീഴ്ചയിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതോടെ ഞായറാഴ്ചത്തെ ആകെ മരണസംഖ്യ നാലായി. 2025 ഡിസംബർ മുതൽ ഇതുവരെ ബ്രിട്ടീഷ് കൊളംബിയയിൽ മഞ്ഞുമലയിടിച്ചിൽ മൂലം ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്.
ശക്തമായ കാറ്റും പുതിയ മഞ്ഞുവീഴ്ചയും വരും ദിവസങ്ങളിലും അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് അവലാഞ്ച് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പർവതനിരകളിൽ സ്കീയിംഗിനും മറ്റും പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
4 people dead in 2 separate northwest B.C. avalanches Sunday



