കോക്വിറ്റ്ലാം: ബ്രിട്ടീഷ് കൊളംബിയയിലുള്ള വടക്കൻ കോക്വിറ്റ്ലാമിൽ അതിശക്തമായ ഉരുൾപൊട്ടലിനെത്തുടർന്ന് ഒറ്റപ്പെട്ടുപോയ എട്ടുപേരെയും അവരുടെ മൂന്ന് വളർത്തുമൃഗങ്ങളെയും ആകാശമാർഗ്ഗം രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ പൈപ്ലൈൻ റോഡിലുണ്ടായ ഉരുൾപൊട്ടലിൽ വീടുകളിലേക്കുള്ള വഴി പൂർണ്ണമായും തകരുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് കോക്വിറ്റ്ലാം സെർച്ച് ആൻഡ് റെസ്ക്യൂ സംഘം ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ അതിസാഹസിക നീക്കത്തിലൂടെയാണ് ഇവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്.
രക്ഷപ്പെടുത്തിയ എട്ടുപേരും മുതിർന്നവരാണ്. ഇവർക്കൊപ്പം രണ്ട് നായ്ക്കളെയും ഒരു പൂച്ചയെയും സംഘം സുരക്ഷിതമായി താഴെയിറക്കി. ഉരുൾപൊട്ടലിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രദേശം ഇപ്പോഴും അതീവ അപകടാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു. കളിമണ്ണും മണലും കലർന്ന ദ്രാവക രൂപത്തിലുള്ള അവശിഷ്ടങ്ങൾ വീടുകൾക്ക് ചുറ്റും നിറഞ്ഞതിനാൽ വായുമാർഗ്ഗമല്ലാതെ മറ്റൊരു രീതിയിലും ഇവരിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല.
ശക്തമായ ഉരുൾപൊട്ടലിൽ വൈദ്യുതി ലൈനുകൾ തകർന്നതിനെത്തുടർന്ന് അയ്യായിരത്തിലധികം ബിസി ഹൈഡ്രോ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു. പ്രദേശത്തെ മണ്ണ് ഇപ്പോഴും ഇളകിയിരിക്കുന്നതിനാൽ അറ്റകുറ്റപ്പണികൾക്കായി ജീവനക്കാർക്ക് അവിടേക്ക് എത്താൻ സാധിച്ചിട്ടില്ല. മേഖലയിൽ ജിയോടെക്നിക്കൽ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ പൂർണ്ണമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയൂ. വലിയ മരങ്ങളും പാറക്കഷ്ണങ്ങളും വീണ് റോഡ് പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
കഴിഞ്ഞ അഞ്ചുദിവസമായി തുടരുന്ന കനത്ത മഴയാണ് ദുരന്തത്തിന് കാരണമായത്. ഈ സീസണിലെ ഏറ്റവും ദൈർഘ്യമേറിയ മഴയാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലനിരകളിൽ മഞ്ഞുരുകുന്നതും മഴയുടെ ശക്തി വർദ്ധിപ്പിച്ചു. കോക്വിറ്റ്ലാം ഉൾപ്പെടെയുള്ള മേഖലകളിൽ ഇനിയും 130 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ പൈപ്ലൈൻ റോഡ് വഴിയുള്ള ഗതാഗതം നിരോധിക്കുകയും പൊതുജനങ്ങളോട് പ്രദേശം സന്ദർശിക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
8 people, 3 pets rescued after landslide knocks out power lines in Coquitlam, B.C.



