ഒട്ടാവ: നോർത്ത് ബാറ്റിൽഫോർഡിൽ സ്കൂൾ പരിസരത്ത് ആയുധധാരിയായ ഒരാളെ കണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രദേശം കടുത്ത ജാഗ്രതയിൽ. നോർത്ത് ബാറ്റിൽഫോർഡ് കോംപ്രിഹെൻസീവ് ഹൈസ്കൂളിന് സമീപമാണ് തോക്കുധാരിയെന്ന് സംശയിക്കുന്ന വ്യക്തിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കണ്ടത്. സംഭവത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി സ്കൂൾ അധികൃതർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും പിന്നീട് സ്ഥിതിഗതികൾ ശാന്തമായതോടെ ഇത് പിൻവലിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം പ്രാദേശിക സമയം 3:30-ഓടെയാണ് ബാറ്റിൽഫോർഡ്സ് ആർ.സി.എം.പിക്ക് (RCMP) പരാതി ലഭിക്കുന്നത്. സ്കൂളിന് സമീപം സംശയസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടെന്നും ഇയാളുടെ കൈവശം തോക്കുണ്ടായേക്കാമെന്നുമായിരുന്നു വിവരം. റിപ്പോർട്ട് ലഭിക്കുമ്പോൾ സ്കൂൾ ലെയ്‌സൺ ഓഫീസർ കെട്ടിടത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്നു എന്നത് സുരക്ഷാ നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്ത് ഉടനടി സ്കൂൾ അടച്ചിടുകയും പുറത്തുനിന്നുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു.
വെള്ള ഹൂഡിയും കറുത്ത പാന്റും ധരിച്ച ഒരാളെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. 17-ാം അവന്യൂവിനും 103-ാം സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്താണ് ഇയാളെ അവസാനമായി കണ്ടത്. മേഖലയിൽ വ്യാപകമായ തിരച്ചിലിനൊടുവിൽ വൈകുന്നേരം 4:15-ഓടെ അടയാളങ്ങളുമായി ഒത്തുപോകുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നിലവിൽ ചോദ്യം ചെയ്തു വരികയാണ്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയ ശേഷം പോലീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഓരോ വിദ്യാർത്ഥിയെയും സ്കൂളിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിച്ചത്. നിലവിൽ പ്രദേശത്ത് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്നും എന്നാൽ മുൻകരുതൽ എന്ന നിലയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ ബാറ്റിൽഫോർഡ്സ് ആർ.സി.എം.പി ഓഫീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ ലോക്ക്ഡൗൺ വിദ്യാർത്ഥികൾക്കിടയിൽ ചെറിയ രീതിയിലുള്ള ആശങ്കയുണ്ടാക്കിയെങ്കിലും പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടൽ വലിയ അപകടസാധ്യതകൾ ഒഴിവാക്കി.
rcmp-searching-for-possible-armed-suspect-near-north-battleford-high-school
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



