റെജീന: റെജീനയിലെ ലൈബ്രറികളിലെ സുരക്ഷാ പ്രശ്നങ്ങളെച്ചൊല്ലി അധികൃതരും യൂണിയനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. റെജീന പബ്ലിക് ലൈബ്രറിയിൽ നടന്ന കത്തി (machete) ആക്രമണത്തിൽ ജീവനക്കാർക്ക് വിരലുകൾ നഷ്ടപ്പെട്ടെന്ന യൂണിയൻ നേതാവിന്റെ പ്രസ്താവന ലൈബ്രറി മാനേജ്‌മെന്റ് ശക്തമായി നിഷേധിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച സാസ്‌കാറ്റൂണിൽ നടന്ന ഒരു ചടങ്ങിലാണ് സി.യു.പി.ഇ (CUPE) സസ്‌കാച്ചവൻ പ്രസിഡന്റ് കെന്റ് പീറ്റേഴ്സൺ വിവാദമായ ആരോപണം ഉന്നയിച്ചത്. ലഹരിക്ക് അടിമപ്പെട്ടവരും ഭവനരഹിതരും മറ്റ് സൗകര്യങ്ങളില്ലാത്തതിനാൽ ലൈബ്രറികളെ അഭയകേന്ദ്രമാക്കുന്നുണ്ടെന്നും, ഇതിനിടെയുണ്ടായ ആക്രമണങ്ങളിൽ ജീവനക്കാരുടെ വിരലുകൾ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഈ പ്രസ്താവന തെറ്റാണെന്ന് ബുധനാഴ്ച പുറത്തിറക്കിയ വിശദീകരണത്തിൽ റെജീന പബ്ലിക് ലൈബ്രറി വ്യക്തമാക്കി.
യൂണിയൻ സൂചിപ്പിച്ച സംഭവം 2023-ലാണ് നടന്നതെന്നും അതിൽ ഒരു ജീവനക്കാരനും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ലൈബ്രറിക്ക് പുറത്ത് ആരംഭിച്ച തർക്കം കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നും പരിക്കേറ്റത് പൊതുജനങ്ങളിൽ ഒരാൾക്കാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ കേസ് അന്ന് തന്നെ പോലീസിന് കൈമാറിയതായും ലൈബ്രറി അധികൃതർ വ്യക്തമാക്കി.
അതേസമയം, ലൈബ്രറികളിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സോഷ്യൽ സർവീസ് മന്ത്രി ടെറി ജെൻസൺ നിയമസഭയിൽ മറുപടി നൽകി. ജോലിസ്ഥലത്തെ അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു ക്രമസമാധാന പ്രശ്നമാണെന്നും സാമൂഹിക സേവന വകുപ്പിന്റെ വിഷയമല്ലെന്നുമാണ് മന്ത്രിയുടെ നിലപാട്. സുരക്ഷാ പ്രശ്നങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ലൈബ്രറി ജീവനക്കാരുടെ ഇടയിൽ വലിയ തോതിലുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Regina Public Library disputes union account of staff injury in machete incident



