ഒഡിഷ: ഒഡിഷയിലെ ഗജപതി ജില്ലയിൽ മുപ്പതോളം ആദിവാസി ക്രൈസ്തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്കരണവും ഭീഷണിയും നേരിടുന്നതായി റിപ്പോർട്ട്. തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് പഴയ ഗോത്രമതാചാരങ്ങളിലേക്ക് മടങ്ങാൻ ഗ്രാമവാസികൾ ഇവരെ നിർബന്ധിക്കുന്നതാണ് പ്രധാന തർക്ക വിഷയം. ഇതിന്റെ ഭാഗമായി ഗ്രാമത്തിലെ പൊതു കിണറ്റിൽ നിന്ന് വെള്ളം എടുക്കുന്നതിനും പ്രാദേശിക കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനും ഈ കുടുംബങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗ്രാമത്തിലെ പള്ളി എതിർവിഭാഗം പൂട്ടിയിട്ടതിനാൽ വിശ്വാസികൾക്ക് പ്രാർത്ഥനകൾ നടത്താൻ സാധിക്കുന്നില്ല. 30 ഓളം കുടുംബങ്ങളാണ് ഇങ്ങനെ പ്രശ്നങ്ങൾ അനുഭവിക്കുന്നത്.
വിശ്വാസം തുടർന്നാൽ ശാരീരികമായി ഉപദ്രവിക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ വലിയ ഭീതിയോടെയാണ് തങ്ങൾ കഴിയുന്നതെന്ന് ഗ്രാമവാസികൾ വെളിപ്പെടുത്തുന്നു. കുട്ടികൾ പോലും ഗ്രാമത്തിൽ ഒറ്റപ്പെടുകയാണെന്നും കുടുംബങ്ങൾ വലിയ മാനസിക സമ്മർദ്ദത്തിലാണെന്നും ഒരു സ്ത്രീ ബിബിസിയുടെ ഡോക്യുമെന്ററിയിൽ പങ്കുവെച്ചു. ഗ്രാമത്തിൽ ജോലി നൽകാൻ ആരും തയ്യാറാകാത്തതിനാൽ ജീവിതോപാധിക്കായി ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയിലാണ് ഈ കുടുംബങ്ങൾ.
സംഘർഷാവസ്ഥ ഒഴിവാക്കാൻ ഗ്രാമത്തിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും തങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ക്രൈസ്തവ കുടുംബങ്ങൾ ആരോപിക്കുന്നു. അതേസമയം മതപരിവർത്തനം തങ്ങളുടെ ആദിവാസി സംസ്കാരത്തെ നശിപ്പിക്കുന്നുവെന്നും പൈതൃകം സംരക്ഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നുമാണ് എതിർവിഭാഗത്തിന്റെ വാദം. ഗ്രാമീണ ഇന്ത്യയിൽ ആദിവാസി സ്വത്വവും മതപരിവർത്തനവും തമ്മിലുള്ള തർക്കങ്ങൾ മതസ്വാതന്ത്ര്യത്തിന് എപ്രകാരം ഭീഷണിയാകുന്നു എന്ന ഗൗരവകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
30 Christian families denied access to Church in Odisha




