ഹാലിഫാക്സ്: പ്രവിശ്യയിൽ പ്രവർത്തിക്കുന്ന നിയമവിരുദ്ധ കഞ്ചാവ് വിൽപന ശാലകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനായി നോവ സ്കോഷ്യ സർക്കാർ പുതിയ നിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. നിലവിലുള്ള പിഴത്തുക വർധിപ്പിക്കാനും നിയമം നടപ്പിലാക്കാൻ കൂടുതൽ ഉദ്യോഗസ്ഥർക്ക് അധികാരം നൽകാനും വ്യവസ്ഥ ചെയ്യുന്ന ബിൽ നീതിന്യായ മന്ത്രി സ്കോട്ട് ആംസ്ട്രോംഗ് ആണ് ബുധനാഴ്ച സഭയിൽ സമർപ്പിച്ചത്.
പുതിയ നിയമപ്രകാരം പോലീസിനു പുറമെ കോൺസ്റ്റബിൾമാർക്കും വനസംരക്ഷണ ഉദ്യോഗസ്ഥർക്കും നിയമലംഘകർക്കെതിരെ നടപടിയെടുക്കാൻ അധികാരമുണ്ടാകും. കുറഞ്ഞ പിഴത്തുക 250 മുതൽ 500 ഡോളർ വരെയായും ഗുരുതരമായ കുറ്റങ്ങൾക്കുള്ള പിഴ 15,000 മുതൽ 50,000 ഡോളർ വരെയായും വർധിപ്പിച്ചു. നിയമവിരുദ്ധ വിപണനത്തിന് ഇടം നൽകുന്ന കെട്ടിട ഉടമകൾക്കും 5,000 മുതൽ 25,000 ഡോളർ വരെ പിഴ ചുമത്താൻ ബില്ലിൽ ശുപാർശയുണ്ട്. പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കുന്നു.
അതേസമയം, പുതിയ നീക്കം മിക്മാക് സമൂഹങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് നിയമവിദഗ്ധരും പ്രതിപക്ഷവും ആശങ്ക പ്രകടിപ്പിച്ചു. മിക്മാക് ഭൂമിയിലെ കഞ്ചാവ് വ്യാപാരം തങ്ങളുടെ അവകാശമാണെന്ന് മിക്മാക് പ്രതിനിധികൾ വാദിക്കുമ്പോൾ, ലൈസൻസില്ലാത്ത എല്ലാ വിൽപ്പനയും നിയമവിരുദ്ധമാണെന്ന നിലപാടിലാണ് സർക്കാർ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Illegal cannabis sales: New bill to tighten controls and penalties in Nova Scotia



