മാനിറ്റോബ: മാനിറ്റോബ സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് വാൾമാർട്ട് കാനഡ രാജ്യവ്യാപകമായി സ്റ്റോറുകളിലും ഓൺലൈനിലും മഷേറ്റുകളുടെ വിൽപ്പന നിർത്തലാക്കാൻ തീരുമാനിച്ചു. ഈ ആയുധങ്ങൾ അക്രമങ്ങളിൽ വഹിക്കുന്ന പങ്ക് വാൾമാർട്ട് അംഗീകരിച്ചതിനെ മാനിറ്റോബയുടെ ജസ്റ്റിസ് മിനിസ്റ്റർ മാറ്റ് വീബെ അഭിനന്ദിച്ചു. സ്റ്റോറുകളിൽ നിന്നുള്ള മഷേറ്റ് വിൽപ്പനയ്ക്ക് പ്രായ പരിശോധന, ഐഡി പരിശോധന, വിൽപ്പന രേഖകൾ സൂക്ഷിക്കൽ എന്നിവ ഉൾപ്പെടുന്ന പുതിയ നിയമങ്ങൾ ഡിസംബർ 31 മുതൽ മാനിറ്റോബ നടപ്പിലാക്കിയിരുന്നു, എന്നാൽ ഈ നിയമം ഓൺലൈൻ വാങ്ങലുകൾക്ക് ബാധകമായിരുന്നില്ല.
ഈ നിയമങ്ങൾ ഓൺലൈൻ വിൽപ്പനയിലും പാലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം വാൾമാർട്ടിനും ആമസോണിനും കത്തുകൾ അയച്ചിരുന്നു. ഈ ആഴ്ച ആദ്യം, ആമസോൺ മാനിറ്റോബയിലേക്ക് മഷേറ്റുകൾ അയയ്ക്കുന്നത് നിർത്താൻ സമ്മതിച്ചു, എന്നാൽ വാൾമാർട്ട് ഒരു പടി കൂടി മുന്നോട്ട് പോയി രാജ്യവ്യാപകമായി വിൽപ്പന നിർത്തലാക്കാൻ തീരുമാനിച്ചു. വിനിപെഗിൽ അടുത്തിടെയുണ്ടായ നിരവധി ആക്രമണങ്ങൾ ഉൾപ്പെടെ മഷേറ്റുമായി ബന്ധപ്പെട്ട അക്രമക്കുറ്റങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഇത്തരം ആയുധങ്ങളുടെ ലഭ്യത നിയന്ത്രിക്കുന്നതിലൂടെ ആക്രമങ്ങൾ കുറയ്ക്കാനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. എന്നാൽ മറ്റു റീട്ടെയിലർമാരിൽ നിന്ന് ഇത്തരം ആയുധങ്ങൾ ഇപ്പോഴും വാങ്ങാൻ കഴിയുമെന്നതിനാൽ, സമഗ്രമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന ആശങ്കകളും ഉയർന്നിട്ടുണ്ട്. മാനിറ്റോബ സർക്കാർ മറ്റ് ഓൺലൈൻ വിതരണക്കാരെയും സമീപിച്ച് നടപടികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. കാനഡ മുഴുവൻ മഷേറ്റുകളുടെ വിൽപ്പന നിർത്തിയ വാൾമാർട്ടിന്റെ ഈ തീരുമാനം മറ്റ് റീട്ടെയിലർമാർക്കും മാതൃകയാകുമെന്ന് സാമൂഹിക പ്രവർത്തകർ പ്രതീക്ഷിക്കുന്നു.



