യർമൗത്ത് (കാനഡ): ‘സെക്സ്, ഡ്രഗ്‌സ് ആൻഡ് ലോബ്സ്റ്റർ റോൾസ്’ (sex, drugs & lobster rolls) എന്ന വാചകം ആലേഖനം ചെയ്ത ടീ ഷർട്ടുകളുടെ വിൽപ്പനയെച്ചൊല്ലി കാനഡയിൽ നിയമതർക്കം രൂക്ഷമാകുന്നു. നോവ സ്കോഷ്യയിലെ യർമൗത്തിൽ ‘ദി ലംബർജാക്സ് ഡോട്ടർ’ എന്ന സ്ഥാപനം നടത്തുന്ന ജിലിയൻ പോപ്ലോ എന്ന വ്യാപാരിക്കു നേരെയാണ് പേര് ദുരുപയോഗം ചെയ്ത് ആരോപിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ വാചകം താൻ നേരത്തെ ട്രേഡ്മാർക്ക് ചെയ്തതാണെന്നും അതിനാൽ മറ്റാരും ഇത് ഉപയോഗിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടി ഒട്ടാവ സ്വദേശിയായ നദീൻ കാസ്റ്റയാണ് രംഗത്തെത്തിയത്.
താൻ സ്വന്തമായി രൂപകൽപ്പന ചെയ്ത ടീ ഷർട്ടുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതോടെ ജിലിയൻ പോപ്ലോ ഇവയുടെ വിൽപന നിർത്തിവെച്ചു. എന്നാൽ, കാനഡയുടെ മാരിടൈംസ് പ്രവിശ്യകളിൽ കാലങ്ങളായി പ്രചാരത്തിലുള്ള ഒരു പൊതുവായ പ്രയോഗമാണിതെന്നാണ് പോപ്ലോയുടെ വാദം. നിയമപോരാട്ടത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് മുൻനിർത്തിയാണ് തൽക്കാലം വിൽപന നിർത്തിയതെന്നും, കൈവശമുള്ള ടീ ഷർട്ടുകൾ എന്തുചെയ്യണമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, 2014 മുതൽ തന്റെ സ്ഥാപനത്തിലൂടെ ഈ വാചകം ഉപയോഗിക്കുന്നുണ്ടെന്നും ഇത് തന്റെ മാത്രം സൃഷ്ടിയാണെന്നും നദീൻ കാസ്റ്റ അവകാശപ്പെടുന്നു. 2021-ൽ ഈ വാചകത്തിന് വ്യാപാരമുദ്രയ്ക്കായി അവർ അപേക്ഷ നൽകിയിരുന്നു. ഇത് നിലവിൽ കനേഡിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസിന്റെ (CIPO) പരിശോധനയിലാണ്. ഒരു ബ്രാൻഡിന്റെ തനിമയും വിശ്വാസ്യതയും നിലനിർത്താൻ വ്യാപാരമുദ്രകൾ അത്യാവശ്യമാണെന്നും, മറ്റുള്ളവർ ഇത് ഉപയോഗിക്കുന്നത് തടയുക എന്നത് ഉടമയുടെ ഉത്തരവാദിത്തമാണെന്നും കാസ്റ്റ പറഞ്ഞു.
അംഗീകൃതമായ ഒരു വ്യാപാരമുദ്ര മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നത് തടഞ്ഞില്ലെങ്കിൽ, ആ വാചകത്തിന്മേലുള്ള സവിശേഷാധികാരം ഉടമയ്ക്ക് നഷ്ടമാകുമെന്ന് ഈ രംഗത്തെ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻപ് ‘ഫ്രഞ്ച് പ്രസ്’ എന്ന വാചകം ഇത്തരത്തിൽ ഒരു കമ്പനി ട്രേഡ്മാർക്ക് ചെയ്തിരുന്നെങ്കിലും, അത് പിന്നീട് പൊതുവായ പ്രയോഗമായി മാറിയതോടെ കോടതി അസാധുവാക്കിയിരുന്നു. സമാനമായ സാഹചര്യം ഈ വിഷയത്തിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ടൊറന്റോ ആസ്ഥാനമായുള്ള അഭിഭാഷകൻ റീഗൻ സെയ്‌ഡ്‌ലർ അഭിപ്രായപ്പെട്ടു.
അതേസമയം, ‘സെക്സ്, ഡ്രഗ്‌സ് ആൻഡ് റോക്ക് എൻ റോൾ’ എന്ന വിഖ്യാത പ്രയോഗത്തിന്റെ മറ്റൊരു രൂപം മാത്രമാണിതെന്നും, ഇതിൽ ആർക്കും പ്രത്യേക അവകാശവാദം ഉന്നയിക്കാനാവില്ലെന്നും കാലിഫോർണിയയിലെ മറ്റൊരു വ്യാപാരിയായ മാറ്റ് സ്നോ പറയുന്നു. ക്രിയാത്മകമായി ചിന്തിക്കുന്നവർക്ക് സമാനമായ ആശയങ്ങൾ തോന്നുക സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയിലെ വ്യാപാരമുദ്ര അതോറിറ്റിയുടെ അന്തിമ തീരുമാനം വന്നതിനുശേഷം മാത്രമേ ഈ വിഷയത്തിൽ വ്യക്തത വരികയുള്ളൂ.
sex-drugs-and-lobster-rolls-a-tale-of-trademarking
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



