തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ഔട്ട്ലെറ്റുകളിൽ നടന്നത് റെക്കോർഡ് മദ്യവിൽപന. ഡിസംബർ 22 മുതൽ 25 വരെയുള്ള ക്രിസ്മസ് വാരത്തിൽ മാത്രം 332.62 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 279.54 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 19 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ക്രിസ്മസ് തലേന്നായ ഡിസംബർ 24-ന് മാത്രം വിൽപന 100 കോടി കടന്നു എന്നത് ശ്രദ്ധേയമാണ്. അന്നേ ദിവസം 114.45 കോടി രൂപയുടെ മദ്യമാണ് മലയാളികൾ വാങ്ങിയത്. ഡിസംബർ 22-ന് 77.62 കോടിയും 23-ന് 81.56 കോടി രൂപയുടെയും വിൽപന നടന്നു. ക്രിസ്മസ് ദിനമായ 25-ന് 59.21 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. ബെവ്കോയുടെ ചരിത്രത്തിലെ തന്നെ ഉയർന്ന വിൽപന കണക്കുകളിലൊന്നാണിത്.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പുതുതായി ആരംഭിച്ച പ്രീമിയം കൗണ്ടറുകൾ വിൽപന വർധിക്കാൻ പ്രധാന കാരണമായിട്ടുണ്ട്. തൃശൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഈയിടെ പ്രവർത്തനമാരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കൗണ്ടറുകളിലേക്ക് കൂടുതൽ ഉപഭോക്താക്കൾ എത്തിയതായി അധികൃതർ വിലയിരുത്തുന്നു. ക്യൂ നിൽക്കാതെ മദ്യം തിരഞ്ഞെടുക്കാനുള്ള സൗകര്യം പലയിടങ്ങളിലും വിൽപന വേഗത്തിലാക്കി.
വിൽപനയിലെ വർധനവിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ പുതിയ പദ്ധതിക്കും ബെവ്കോ തുടക്കമിടുകയാണ്. മദ്യക്കുപ്പികൾ ഉപഭോക്താക്കളിൽ നിന്ന് തിരികെ വാങ്ങുന്ന ‘ഡിപ്പോസിറ്റ് റീഫണ്ട്’ പദ്ധതി ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പൂർണ്ണതോതിൽ നടപ്പിലാക്കും. മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന അധിക തുക കുപ്പികൾ തിരികെ നൽകുമ്പോൾ ഉപഭോക്താവിന് ലഭ്യമാകുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരി അറിയിച്ചു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി പരമാവധി കുപ്പികൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ കുപ്പിക്കും 20 രൂപ വീതം അധിക ഡെപ്പോസിറ്റ് ഈടാക്കും. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kerala in a Christmas frenzy; Bevco sells liquor worth Rs 332.62 crore in four days



