ഹാലിഫാക്സ്: നോവ സ്കോഷ്യ പ്രവിശ്യയിൽ ഓൺഷോർ പ്രകൃതിവാതക പര്യവേക്ഷണത്തിന് താൽപ്പര്യമുള്ള സ്വകാര്യ കമ്പനികളെ സർക്കാർ ക്ഷണിക്കുന്നു. ഡൽഹൗസി സർവകലാശാലയുമായി സഹകരിച്ചാണ് ഇതിനായുള്ള നടപടികൾ സ്വീകരിക്കുന്നത്. പര്യവേക്ഷണത്തിനായി താൽപ്പര്യപത്രം സമർപ്പിക്കുന്ന കമ്പനികൾക്ക് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതും ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതും സർവകലാശാലയുടെ നേതൃത്വത്തിലായിരിക്കും.
30 മില്യൺ ഡോളർ ചിലവ് വരുന്ന പദ്ധതിയുടെ ഭാഗമായി പര്യവേക്ഷണ കിണറുകൾ കുഴിക്കുന്നതിന് താൽപ്പര്യമുള്ള കമ്പനികളിൽ നിന്നാണ് സർക്കാർ അപേക്ഷ ക്ഷണിക്കുന്നത്. പര്യവേക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപായി കമ്പനികൾ പ്രവിശ്യയിലെ ഊർജ്ജ വകുപ്പിൽ നിന്ന് പ്രത്യേക നിയന്ത്രണാനുമതി (Regulatory approval) തേടേണ്ടതുണ്ട്. കമ്പനികളിൽ ഓഹരി പങ്കാളിത്തം വഹിക്കാനുള്ള സാധ്യതയും സർക്കാർ പരിഗണിക്കുന്നുണ്ട്.
പത്ത് വർഷമായി നിലനിന്നിരുന്ന നാച്ചുറൽ ഗ്യാസ് ഫ്രാക്കിംഗ് നിരോധനം കഴിഞ്ഞ മാർച്ചിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാർ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പര്യവേക്ഷണത്തിനായുള്ള പുതിയ നീക്കം. പ്രവിശ്യയിൽ ഏകദേശം 198 ബില്യൺ ക്യുബിക് മീറ്റർ ഓൺഷോർ പ്രകൃതിവാതക ശേഖരം ഉണ്ടെന്നാണ് സർക്കാർ കണക്കാക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ പ്രകൃതിവാതക ഉൽപ്പാദന മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പര്യവേക്ഷണത്തിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം സർക്കാരിലേക്ക് കൂടി എത്തുന്ന രീതിയിലായിരിക്കും കമ്പനികളുമായുള്ള ഓഹരി പങ്കാളിത്തം ക്രമീകരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. പര്യവേക്ഷണം സംബന്ധിച്ച തുടർ നടപടികൾ വരും ദിവസങ്ങളിൽ ഊർജ്ജ വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Onshore natural gas exploration in Nova Scotia: Government invites private companies*



